കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തില്‍ ആകെ തളര്‍ന്നിരിക്കുകയാണ് കുടുംബം. അവരുടെ എല്ലാം എല്ലാമായിരുന്ന ബിന്ദു ഇനി ഇല്ല എന്ന് അവര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല. ബിന്ദുവിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു നല്ലൊരു വീട്. മക്കളുടെ ഭാവിക്ക് വേണ്ടി അത് പകുതിക്ക് നിര്‍ത്തി വച്ച് അവരെ ഒരു കരക്കെത്തിക്കാനാണ് ബിന്ദു ശ്രമിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലും നിന്നും ഇന്നും ആ കുടുംബത്തിന് മാറാന്‍ സാധിച്ചിട്ടില്ല.
'ഈ വീട് അവളായിരുന്നു. അതാണ് ഇല്ലാതായത്,' എന്ന് പറഞ്ഞപ്പോള്‍ വിശ്രുതന്റെ ശബ്ദം പലതവണ തകര്‍ന്ന് പോയി. വാക്കുകള്‍ നെടുവീര്‍പ്പുകളിലൂടെയും കണ്ണീരിലൂടെയും കടന്നാണ് പുറത്ത് വന്നത്. അദ്ദേഹത്തിന്റെ ഓരോ വാക്കിലും ആഴത്തിലുള്ള ദുഃഖവും നഷ്ടപ്പെട്ടതിന്റെ വേദനയും അനുഭവിക്കാമായിരുന്നു. 'അവളാണ് ഞങ്ങളുടെ രണ്ടു മക്കളെയും നന്നായി പഠിപ്പിച്ചത്. അവരുടെ പഠനത്തിനായി കുറച്ച് പോലും പിന്‍വാങ്ങിയിട്ടില്ല അവള്‍. വീടിന്റെ എല്ലാ ചെലവുകളും അവളാണ് നോക്കിയത്. എന്റെ കൈവശം വന്ന കുറച്ച് പണവും അതിലൂടെ നടന്നുപോയ എല്ലാ ദിവസങ്ങളും അവളാണ് തോളിലേറ്റിയത്. മക്കളുടെ പഠനം തീര്‍ന്നിട്ടേ വീടിന്റെ ബാക്കിയുള്ള പണി തുടങ്ങാം എന്നു പറഞ്ഞത് അവളായിരുന്നു. ഇപ്പോഴും ഈ വീട് പകുതിയില്‍ നിറുത്തിയതെല്ലാം അതിന്റെ ഭാഗമാണ്. അവളില്ലാതെ അതിനൊന്നും അര്‍ത്ഥമില്ല എന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഇടറുന്നത് കാണാമായിരുന്നു.
ഒരു നിമിഷം നിശബ്ദത മാത്രമായിരുന്നു. ഇടറിയ ശബ്ദത്തോടും പക്ഷേ ഉറച്ച ശബ്ദത്തോടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഒന്നും സര്‍ക്കാരിനോട് ആവശ്യപ്പെടില്ലെന്ന് പറഞ്ഞ് അദ്ദേഹം അവര്‍ക്ക് എന്താണോ തോന്നുന്നത് അത് അവര്‍ ചെയ്യട്ടെ. സഹായം ഉണ്ടെങ്കില്‍ വരട്ടെ. ഇല്ലെങ്കില്‍ അതും സഹിക്കും. പോയ ആളെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ കരഞ്ഞ് തളര്‍ന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെയായിരുന്നു മുഴുവന്‍ പണി തീരാത്തെ വീടിന്റെ അവിടെ ബിന്ദുവിനെ സംസ്‌കരിച്ചത്. ഇന്നലെ ആ വീടിന്റെ അന്തരീക്ഷം കണ്ട് നിന്നവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അമ്മയുടെ മൃതദേഹത്തിന്റെ അരികില്‍ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു മകന്‍ നവനീതും നവമിയും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും.
സിവില്‍ എഞ്ചിനീയറിങ് കഴിഞ്ഞ് എറണാകുളത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു നവനീത്. കഴിഞ്ഞ ദിവസമാണ് നവനീതിന് ശമ്പളം കിട്ടിയത്. പതിനായിരം രൂപയായിരുന്നു. ഇതുമായി അച്ഛന്റെ അടുത്തെത്തിയത്. അച്ഛാ ശമ്പളം കിട്ടി എന്ന് പറഞ്ഞപ്പോള്‍... അത് അമ്മയെ ഏല്‍പ്പിക്കാനായിരുന്നു വിശ്രുതന്‍ പറഞ്ഞത്. എന്നാല്‍, ആ ആഗ്രഹം സഫലമാകുന്നതിന് മുമ്പ് അമ്മ പോയി, ഇനി ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക്... അമ്മ ഇനിയില്ലെന്ന തിരിച്ചറിവില്‍ നവനീത് അലമുറയിട്ട് കരഞ്ഞു. ആ കാഴ്ച കണ്ടുനില്‍ക്കാനാവുമായിരുന്നില്ല. മകളുടെ ചികിത്സാര്‍ഥം ബിന്ദു ദിവസങ്ങള്‍ക്കുമുമ്പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. അമ്മയെ കാണാനില്ലെന്ന് മകള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ജെ.സി.ബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകള്‍ നവമിയെ (20) ശസ്ത്രക്രിയക്ക് ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
മൂന്നാഴ്ച ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സക്കുശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിനായി ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകള്‍ നവമിയുമായി ആശുപത്രിയില്‍ എത്തിയത്. ട്രോമ കെയര്‍ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് അവിടെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. എന്നാല്‍, കെട്ടിടം തകരുന്ന ശബ്ദംകേട്ട് പലരും അവിടെനിന്ന് മാറി. കുളിക്കുന്നതിനിടെയായിരുന്നു അപകടം എന്നതിനാലാകാം ബിന്ദുവിന് രക്ഷപ്പെടാന്‍ കഴിയാതിരുന്നത്. തൊട്ടരികില്‍ രണ്ട് മന്ത്രിമാരും പരിവാരങ്ങളും പൊലീസ് സംഘവുമുണ്ടായിരുന്നിട്ടും ആ നേരമത്രയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനുവേണ്ടി പിടയുകയായിരുന്നു ബിന്ദുവെന്ന വീട്ടമ്മ. ശസ്ത്രക്രിയ കഴിഞ്ഞ മകളുടെ കൂട്ടിരിപ്പുകാരിയായ അവര്‍ കുളിക്കാന്‍ കയറിയത് ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്കായിരുന്നു. ഒരുപക്ഷേ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് മന്ത്രിമാര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ ഒരുജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഏറെ.