സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ കൂലിയ്ക്ക് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണമെന്തെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) കോടതിയെ അറിയിച്ചു. സിനിമയില്‍ അക്രമാസക്തമായ രംഗങ്ങള്‍ അമിതമായി അടങ്ങിയതിനാലാണ് മുതിര്‍ന്നവര്‍ക്കുമാത്രം കാണാനാവുന്ന രീതിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ ജസ്റ്റിസ് ടി.വി. തമിഴ്‌സെല്‍വിയുടെ ബെഞ്ചിനു മുന്നില്‍ വ്യക്തമാക്കി.
സിബിഎഫ്‌സിയുടെ നാലംഗ പരിശോധനാ സമിതി ആദ്യം സിനിമ കണ്ടപ്പോള്‍ തന്നെ 'എ' സര്‍ട്ടിഫിക്കറ്റിനാണ് ഏകകണ്ഠമായ അഭിപ്രായം രേഖപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മാതാക്കളായ സണ്‍ ടിവി നെറ്റ്വര്‍ക്ക് റിവൈസിങ് കമ്മിറ്റിയുടെ വിലയിരുത്തല്‍ ആവശ്യപ്പെട്ടു. ഒന്‍പത് അംഗങ്ങളടങ്ങിയ റിവൈസിങ് കമ്മിറ്റി ചിത്രം വിലയിരുത്തിയപ്പോള്‍ പോലും അക്രമരംഗങ്ങളുടെ ആവര്‍ത്തനമാണ് ശ്രദ്ധയില്‍പ്പെട്ടത്. അതിനാല്‍ മുതിര്‍ന്നവര്‍ക്കു മാത്രമേ സിനിമ പ്രദര്‍ശിപ്പിക്കാനാവൂവെന്ന് അവര്‍ വിധേയമായി.
ഇരുസമിതികളും ഒരേവിധി തന്നതിനാല്‍ അന്തിമമായി 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു. നിര്‍മാതാക്കള്‍ തീരുമാനം അംഗീകരിച്ചുവെന്നും ചിത്രം ഓഗസ്റ്റ് 14-ന് റിലീസ് ചെയ്തുവെന്നും സിബിഎഫ്‌സി കോടതിയെ അറിയിച്ചു.