ലോകേഷ് കനകരാജ് – രജനികാന്ത് കൂട്ടുകെട്ടില്‍ വരുന്ന ‘കൂലി’യ്ക്കു കേരളത്തില്‍ വന്‍ വരവേല്‍പ്പ്. റിലീസിന് മൂന്ന് ദിവസം ബാക്കിയിരിക്കെ പ്രീബുക്കിങിലൂടെ ഇതിനകം 5.34 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റുപോയി. തമിഴ്‌നാട്ടില്‍ നിന്ന് 10 കോടിയും കര്‍ണാടകയില്‍ നിന്ന് 3 കോടിയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ബുക്കിങ് ഇനിയും ആരംഭിച്ചിട്ടില്ല.
മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ആദ്യദിനം നേടിയ കലക്ഷന്‍ ‘കൂലി’ ഇതിനോടകം മറികടന്നു. ‘എമ്പുരാന്‍’ക്ക് ശേഷം ഈ വര്‍ഷം മികച്ച ഓപ്പണിങ് നേടുന്ന രണ്ടാമത്തെ ചിത്രമാകാന്‍ ‘കൂലി’ സാധ്യതയുണ്ട്. ‘എമ്പുരാന്‍’ കേരളത്തില്‍ നിന്ന് വാരിയത് ഏകദേശം 14 കോടി രൂപയാണ്.
‘ജയിലര്‍’ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയ 6 കോടിയുടെ റെക്കോര്‍ഡ് തകര്‍ക്കുകയാണെങ്കില്‍, ആദ്യദിനം ഏറ്റവുമധികം കലക്ഷന്‍ നേടുന്ന രജനികാന്ത് ചിത്രമാകും ‘കൂലി’. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന ഒരു പീരിയഡ് ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം. ഓഗസ്റ്റ് 14നാണ് റിലീസ്.
രജനിയുടെ 171ാം സിനിമയായ ‘കൂലി’യില്‍ ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, ശ്രുതി ഹാസന്‍ എന്നിവര്‍ അഭിനയിക്കുന്നു. ആമിര്‍ ഖാന്‍ അതിഥി വേഷത്തിലാണ്. കടുത്ത ആക്ഷന്‍ രംഗങ്ങളെത്തുടര്‍ന്ന് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം ഒരു രജനികാന്ത് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് ഇതാദ്യമാണ്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനിയും ഒന്നിക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും സംഗീതം അനിരുദ്ധ് രവിചന്ദറും. ‘ലിയോ’യ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ‘കൂലി’യ്ക്കു ആരാധകര്‍ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്.