പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ തന്റെ പാട്ട് അനുമതിയില്ലാതെ ഉപയോഗിച്ചതായി ആരോപിച്ച് പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. പ്രദീപ് രംഗനാഥന്‍ നായകനായ 'ഡ്യൂഡ്' എന്ന ചിത്രത്തിലാണ് ഇളയരാജയുടെ പ്രശസ്ത ഗാനം 'കറുത്ത മച്ചാന്‍' ഉപയോഗിച്ചതെന്നാണ് പരാതി. ചിത്രത്തിലെ നടി മമിത ബൈജു ആ ഗാനം കേട്ട് നൃത്തം ചെയ്യുന്ന സീന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്.
ദീപാവലിക്ക് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയമാണ് കൈവരിച്ചത്. വിജയത്തിനൊപ്പം തന്നെ നിയമപ്രശ്നം കൂടി തലവേദനയായിരിക്കുകയാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവീസിന്. ഇളയരാജയുടെ പാട്ട് ഉപയോഗിക്കാന്‍ മുന്നോടിയായി അനുമതി തേടിയില്ലെന്നതാണ് അദ്ദേഹത്തിന്റെ ആരോപണം.
മൈത്രി മൂവീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. എന്നാല്‍, ഇളയരാജ മുമ്പും ഇത്തരം കേസുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സ്-ലും, അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി-യിലുമാണ് അദ്ദേഹത്തിന്റെ പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതായി ആരോപിച്ച് നേരത്തെ നിയമനടപടി സ്വീകരിച്ചത്. ഗുഡ് ബാഡ് അഗ്ലി പിന്നീട് നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു.
തന്റെ സംഗീതാവകാശം സംരക്ഷിക്കുന്നതില്‍ ഇളയരാജയുടെ നിലപാട് വ്യക്തമാണ് 'എന്റെ പാട്ട് ഉപയോഗിക്കാം, പക്ഷേ നിയമാനുസൃതമായി മാത്രം.'' ഈ പുതിയ കേസും സംഗീതരംഗത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.