മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്‌കാരചടങ്ങ് പൂര്‍ത്തിയായി. മോഹന്‍ലാല്‍ ചെറുപ്പകാലം ചിലവിട്ട തിരുവനന്തപുരം മുടവന്‍മുകള്‍ കേശവദേവ് റോഡിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത്. ഭര്‍ത്താവ് കെ വിശ്വനാഥന്‍ നായര്‍ക്കും മൂത്തമകന്‍ പ്യാരിലാലിനുനൊപ്പം ഇനി ശാന്തകുമാരി അമ്മ അന്ത്യവിശ്രമം കൊള്ളും
മുടവന്‍മുഗളിലെ വീടിന്റെ പിന്‍ഭാഗത്തെ വിശാലമായ സ്ഥലത്താണ് അച്ഛന്‍ വിശ്വനാഥന്‍ നായരേയും ചേട്ടന്‍ പ്യാരിലാലിനേയും സംസ്‌കരിച്ചത്. ഇപ്പോള്‍ ഇവര്‍ക്കു രണ്ടു പേര്‍ക്കും നടുവിലായാണ് അമ്മയ്ക്കായുള്ള ചിതയും ഒരുക്കിയത്. കുളിച്ച് ഈറനോടെ അമ്മയെ തോളിലേറ്റി മോഹന്‍ലാല്‍ തന്നെയാണ് ചടങ്ങുകളെല്ലാം നിര്‍വ്വഹിച്ചത്. അച്ഛനൊപ്പം തോളോടു തോള്‍ ചേര്‍ന്ന് മകന്‍ പ്രണവും പ്രണവിനു പിന്നില്‍ ആന്റണി പെരുമ്പാവൂരും അമ്മയുടെ മൃതദേഹം തോളിലേറ്റാന്‍ നിന്നിരുന്നു.
തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടിലേക്ക് ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് അമ്മയുടെ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശനത്തിനൊടുവില്‍ വൈകിട്ടോടെയായിരുന്നു സംസ്‌കാരം. ബന്ധുക്കളും പ്രിയപ്പെട്ടവരും സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രമുഖരും അടക്കം നൂറുകണക്കിന് പേരാണ് ഇക്കഴിഞ്ഞ മണിക്കൂറുകള്‍ക്കിടെ തന്നെ ആ വീട്ടിലേക്ക് എത്തിയത്. രാവിലെ മുതല്‍ അമ്മയ്ക്കരികെ മോഹന്‍ലാല്‍ ഉണ്ടായിരുന്നു. ഉച്ചയോടെയാണ് വിദേശത്തായിരുന്ന മകന്‍ പ്രണവ് എത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അമ്മയുടെ മൃതദേഹവുമായി മോഹന്‍ലാല്‍ തിരുവനന്തപുരത്തേക്ക് എത്തിയത്.
തുടര്‍ന്ന് അപ്പോള്‍ മുതല്‍ക്കു തന്നെ പൊതുദര്‍ശനവും ആരംഭിച്ചിരുന്നു. പതിവു പോലെ തന്നെ അമ്മയെ സുന്ദരിയാക്കിയാണ് മോഹന്‍ലാല്‍ അവസാന യാത്രയയപ്പിന് ഒരുങ്ങുമ്പോഴും കിടത്തിയിട്ടുള്ളത്. എത്ര വയ്യായ്കയിലും അമ്മയെ കണ്ടവര്‍ക്കറിയാം നെറ്റിയില്‍ ഒരു വലിയ ചുവന്ന പൊട്ടും മുഖത്ത് കണ്ണാടിയും ഉണ്ടാകും. മാത്രമല്ല, അലക്കി തേച്ച കോട്ടണ്‍ മുണ്ടും വേഷ്ടിയുമാണ് അമ്മയുടെ ഇഷ്ട വേഷവും.