തെന്നിന്ത്യയിലെ പ്രമുഖനായ ഒരു സിനിമാ സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഡെയ്സി ഷാ. മുംബൈയില്‍ വച്ച് നടന്ന ഒരു ഓഡിഷനിടെയാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന് താരം വെളിപ്പെടുത്തി. 'ദി ഫ്രീ പ്രസ് ജേര്‍ണലിന്' നല്‍കിയ അഭിമുഖത്തിലാണ് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന അനുഭവം താരം പങ്കുവെച്ചത്. കാസ്റ്റിങ്ങിനായി മുംബൈയില്‍ എത്തിയതായിരുന്നു ആ സംവിധായകന്‍ എന്ന് ഡെയ്സി പറയുന്നു. 'സംവിധായകനെ കാണാനായി ആറേഴു പെണ്‍കുട്ടികള്‍ കാത്തുനില്‍ക്കുകയായിരുന്നു.
ഓരോരുത്തരെയായി അദ്ദേഹം അകത്തേക്ക് വിളിച്ചു. സംസാരിക്കുന്നതിനിടെ അയാള്‍ എന്നെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും കൈ പിടിക്കുകയും ചെയ്തു. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല,' താരം വ്യക്തമാക്കി. അപരിചിതരുടെ സ്പര്‍ശനം തന്നെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന കാര്യമാണെന്നും ഡെയ്സി കൂട്ടിച്ചേര്‍ത്തു. നേരത്തെ തന്റെ ടോക്സിക് റിലേഷന്‍ഷിപ്പിനെ കുറിച്ചും ഡെയ്സി തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതോടെ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. സ്വന്തം ചെലവുകള്‍ വഹിക്കാന്‍ മറ്റൊരാളുടെ സഹായം ആവശ്യമില്ലെന്ന നിലപാടുകാരിയാണ് താനെന്നും താരം വ്യക്തമാക്കിയിരുന്നു.
സല്‍മാന്‍ ഖാന്‍ ചിത്രമായ 'തേരേ നാം' എന്ന സിനിമയിലെ 'ലഗന്‍ ലഗി' എന്ന ഗാനരംഗത്തില്‍ ബാക്ക്ഗ്രൗണ്ട് ഡാന്‍സറായാണ് ഡെയ്സി സിനിമാ ജീവിതം തുടങ്ങിയത്. 2014-ല്‍ പുറത്തിറങ്ങിയ 'ജയ് ഹോ' എന്ന ചിത്രത്തിലൂടെ നായികയായി ശ്രദ്ധിക്കപ്പെട്ടു. 2018-ല്‍ 'റേസ് 3' എന്ന വന്‍കിട ചിത്രത്തിലും പ്രധാന വേഷം കൈകാര്യം ചെയ്തു. 2024-ല്‍ 'റെഡ് റൂം' എന്ന വെബ് സീരീസിലൂടെ അഭിനയരംഗത്ത് വീണ്ടും സജീവമാകുകയാണ് താരം.