കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികളും സിനിമാ മിമിക്രി താരങ്ങളുമെല്ലാം. മരണവിവരമറിഞ്ഞ് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് സമയവും കാലവും നോക്കാതെ ഓടിയെത്തുകയായിരുന്നു സഹപ്രവര്‍ത്തകര്‍. മിനിറ്റുകള്‍കൊണ്ടു തന്നെ ആശുപത്രി മുറ്റം താരങ്ങളാല്‍ നിറഞ്ഞിരുന്നു. ആരോഗ്യപരമായി യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലാത്ത നവാസ് പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായാണ് ചോറ്റാനിക്കരയില്‍ എത്തിയത്. ഷൂട്ടിംഗ് ഇന്നലെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് പാക്കപ്പ് പറഞ്ഞ് മുറി വെക്കേറ്റ് ചെയ്യുവാന്‍ എത്തിയതായിരുന്നു നവാസ്. മൂന്നു മുറികളായിരുന്നു ബുക്ക് ചെയ്തിരുന്നത്. ഒരു മുറി നേരത്തെ വെക്കേറ്റ് ചെയ്തു. നവാസിന്റെ മുറി സമയം കഴിഞ്ഞിട്ടും വെക്കേറ്റ് ചെയ്യാത്തതിനാല്‍ മാനേജരുടെ നിര്‍ദ്ദേശ പ്രകാരം റൂം ബോയ് ചെന്ന് ബെല്ലടിച്ചു നോക്കുകയായിരുന്നു. എന്നാല്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മാനേജരെ വിവരം അറിയിക്കുകയും മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ നിലത്ത് കിടക്കുന്ന നിലയിലുമാണ് നവാസിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപ്പോഴെല്ലാം അദ്ദേഹത്തിന് ബോധമുണ്ടായിരുന്നുവെന്നാണ് ഹോട്ടല്‍ മാനേജര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് മരണം സംഭവിക്കുകയായിരുന്നു. 51 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. സൈലറ്റ് അറ്റാക്ക് സംഭവിച്ചതാണ് മരണ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പിന്നാലെ മരണ വിവരം അറിഞ്ഞ് ദിലീപ്, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, കോട്ടയം നസീര്‍, കൈലാഷ്, സരയു മോഹന്‍, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവരും കെ.എസ്. പ്രസാദ്, വിനോദ് കോവൂര്‍, റിയാസ് നര്‍മ്മകല, മനോജ് അടക്കമുള്ള മിമിക്രി താരങ്ങളും മരണവിവരം അറിഞ്ഞെത്തി. ഹൃദയം തകര്‍ന്നാണ് കൂട്ടുകാരെല്ലാം നവാസിനെ അവസാന നോക്കുകാണാന്‍ എത്തിയത്.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്. എന്നാല്‍ മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനില്‍ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണില്‍ വിളിച്ചുവെങ്കിലും എടുത്തില്ല. നവാസിനെ അന്വേഷിക്കാന്‍ എത്തിയ റൂം ബോയ് വാതില്‍ തുറന്നുകിടക്കുന്നതായാണ് കണ്ടത്. നോക്കുമ്പോള്‍ നവാസ് നിലത്ത് വീണുകിടക്കുന്ന നിലയില്‍ ആയിരുന്നു.
നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ജീവന്‍ ഉണ്ടായിരുന്നുവെന്നാണ് ഹോട്ടല്‍ ഉടമ പറയുന്നത്. താരസംഘടനയായ അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ അടക്കം നവാസ് സജീവ സാന്നിധ്യമായിരുന്നു.