തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി ദളപതി വിജയ്യുടെ പുതിയ ചിത്രമായ 'ജനനായക'ന്റെ ടൈറ്റില്‍ കാര്‍ഡ് പുറത്ത്. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ടൈറ്റില്‍ കാര്‍ഡിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുകയാണ്. 'ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്' എന്നാണ് ടൈറ്റില്‍ കാര്‍ഡില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നടന് 'സിഎം' ടൈറ്റില്‍ കാര്‍ഡ് ലഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
വലിയ ആരവത്തോടെയും കൈയടികളോടെയുമാണ് ആരാധകര്‍ ഈ ടൈറ്റില്‍ കാര്‍ഡിനെ വരവേല്‍ക്കുന്നത്. പോലീസ് വേഷത്തില്‍ സ്ലോ മോഷനില്‍ നടന്നു വരുന്ന വിജയ്യുടെ മാസ്സ് എന്‍ട്രിയും പിന്നാലെ 'ഉടന്‍ തിയേറ്ററുകളില്‍ ആഘോഷിക്കാം' എന്ന സന്ദേശവും സ്‌ക്രീനില്‍ തെളിയുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തിയേറ്ററുകളില്‍ ഈ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 234 സീറ്റുകളില്‍ 108 സീറ്റുകള്‍ നേടിയാണ് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും (പേരമ്പൂര്‍, തിരിച്ചിറപ്പള്ളി ഈസ്റ്റ്) വിജയ് തന്നെ വിജയിച്ചു കയറി.
ഇതില്‍ ഒരു സീറ്റ് വിജയ് ഉപേക്ഷിക്കുന്നതോടെ അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. കേവലഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണ്ട സംസ്ഥാനത്ത് ഭരണമുറപ്പിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി ഇനി വിജയ്ക്ക് ആവശ്യമാണ്. സിനിമയും രാഷ്ട്രീയവും ഒരുപോലെ ചര്‍ച്ചയാകുന്ന തമിഴകത്ത് 'ജനനായക'ന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.