മലയാള സിനിമയിലെ സംഘടനകളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് പറയുന്ന പ്രവണത അവസാനിക്കണമെന്ന് നടന്‍ ദിലീപ് പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാല്‍ തീര്‍ക്കാവുന്ന ചെറിയ പ്രശ്‌നങ്ങളാണ് സിനിമാ സംഘടനകളിലുള്ളതെന്നും, പരസ്പരം ചെളിവാരി എറിയാതെ പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ത്തന്നെ പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്.
'പല മീറ്റിങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്, പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, സംഘടനയിലെ കാര്യങ്ങള്‍ പുറത്തുപറയാതെ ഭരണസമിതിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് ഒരൊറ്റ ശബ്ദമായി പുറത്ത് വരണം. മാധ്യമങ്ങള്‍ പലപ്പോഴും തുറന്ന് സംസാരിക്കാന്‍ പ്രകോപിപ്പിക്കും, എന്നാല്‍ അച്ചടക്കം പാലിക്കേണ്ടത് സംഘടനയ്ക്കുള്ളിലാണ്,' ദിലീപ് പറഞ്ഞു.
ഇപ്പോള്‍ മലയാള സിനിമയില്‍ കാണുന്നത് ഏതെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ നേരെ മാധ്യമങ്ങള്‍ക്കുമുന്നില്‍ പോയി പറയുന്നതാണെന്നും, അത് മാറ്റേണ്ടതുണ്ടെന്നും ദിലീപ് വ്യക്തമാക്കി. 'എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി വളരെ വലുതാണ്. അതിലെ ആളുകള്‍ തമ്മില്‍ തല്ലിക്കാതെ, കൂട്ടായ്മകളെ അഭിമാനമായി കരുതി മുന്നോട്ട് പോകണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.