ഇക്കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മഹാനടന്‍ മധുവിന് 92 വയസ്സ് തികഞ്ഞത്. മലയാള സിനിമയുടെ കാരണവര്‍ക്ക് 92-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാമേഖലയിലുള്ള മിക്ക ആളുകളും ഗായകരും അണിയറപ്രവര്‍ത്തകരും ആരാധകരുമടക്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഒപ്പമുള്ള ചിത്രങ്ങളും മധുവിനൊപ്പം പങ്കിട്ട നിമിഷങ്ങളും സംസാരങ്ങളുമൊക്കെ ഓര്‍ത്തെടുത്തായിരുന്നു പലരുടെയും കുറിപ്പ്. അക്കൂട്ടത്തില്‍ ഗായകന്‍ ജി. വേണുഗോപാല്‍ കുറിച്ച പോസ്റ്റ് വലിയ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും നയിച്ചു.
ചര്‍ച്ചായി മാറിയത് കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി സോഷ്യല്‍ മീഡിയയില്‍ കുറിച്ച രൂക്ഷ വിമര്‍ശനത്തെത്തുടര്‍ന്നാണ്. വേണുഗോപാല്‍ കുറിച്ചത് വാസ്തവിരുദ്ധമായ കാര്യങ്ങളാണെന്നും ഗായകന്‍ ജി വേണുഗോപാല്‍ അറിയാത്ത കാര്യങ്ങള്‍ പറയുന്നത് ശീലമാക്കരുതെന്നുമാണ് ശ്രീകുമാരന്‍ തമ്പി കുറിച്ചത്.
പോസ്റ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി നടന്‍ മധുവിനെ പുകഴ്ത്തുകയാണെന്ന മട്ടില്‍ അങ്ങേയറ്റം ഇകഴ്ത്തിക്കൊണ്ട് വേണുഗോപാല്‍ നടത്തിയ ചില പരാമര്‍ശങ്ങളെയാണ് രൂക്ഷമായ ഭാഷയില്‍ ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചത്.ഇപ്പോഴിതാ ഗായകന്‍ ജി വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയിരിക്കുകയാണ്. പോസ്റ്റിലെ തെറ്റായ വിവരങ്ങള്‍ക്ക് ഖേദം പ്രകടിപ്പിച്ചാണ് ജി. വേണുഗോപാലിന്റെ പോസ്റ്റ്.
''അഭിവന്ദ്യനായ നടന്‍ മധുസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഞാന്‍ എന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതിയ ചില പരാമര്‍ശങ്ങള്‍ തെറ്റായിരുന്നുവെന്ന് ആദരണീയനും ഗുരു സ്ഥാനീയനുമായ ശ്രീകുമാരന്‍ തമ്പി സാര്‍ ചൂണ്ടിക്കാട്ടിയതിനെ മാനിച്ചുകൊണ്ട് എന്റെ ഫേസ്ബുക് പോസ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്...വളരെ ഉദ്ദേശശുദ്ധിയോടെ ഇട്ട പോസ്റ്റായിരുന്നു എങ്കിലും അതില്‍ മധുസാറിനോ കുടുംബത്തിനോ തമ്പിസാറിനോ മറ്റാര്‍ക്കെങ്കിലുമോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു...'' എന്നാണ് ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റിനു താഴെ കമന്റായി വേണുഗോപാല്‍ കുറിച്ചത്
ജി വേണുഗോപാല്‍ പങ്കുവെച്ച പോസ്റ്റിലെ പ്രതിഷേധം മധുവിന്റെ മകള്‍ ഉമാ നായരും കമന്റില്‍ കുറിച്ചിരുന്നു. 92 വര്‍ഷം അന്തസ്സോടെ ജീവിച്ചയാളെ തരംതാഴ്ത്തിയത് കണ്ടപ്പോള്‍ ദുഃഖം തോന്നിയെന്നാണ് മധുവിന്റെ മകള്‍ ഉമാ നായര്‍ നല്‍കിയ മറുപടി. ''
മധുവിന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വേണുഗോപാല്‍ എഴുതിയത് ശുദ്ധ അസംബന്ധമാണെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം. വ്യക്തമായ ധാരണയില്ലാതെ പ്രമുഖരായ വ്യക്തികളെക്കുറിച്ച് പലപ്പോഴും തെറ്റായ കാര്യങ്ങള്‍ വേണുഗോപാല്‍ എഴുതാറുണ്ടെന്നും ശ്രീകുമാരന്‍ തമ്പി കുറിച്ചിരുന്നു. ഈ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് ജി വേണുഗോപാല്‍ തന്റെ പോസ്റ്റ് തിരുത്തിയത്.