'ആടുജീവിതം' സിനിമയ്ക്ക് വേണ്ടി നടത്തിയ മേക്കോവര്‍ ചിത്രം പങ്കുവെച്ച് നടന്‍ ഗോകുല്‍. സിനിമയില്‍ ഹക്കീം എന്ന പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഞെട്ടിക്കുന്ന മേക്കോവര്‍ ചിത്രം ചുരുങ്ങിയ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം തനിക്ക് ഇങ്ങനെയൊരു ശ്രമം നടത്താന്‍ പ്രചോദനമായത് ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ല്‍ ആണെന്ന് ഗോകുല്‍ പറയുന്നു. ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ ആത്മസമര്‍പ്പണമാണ്. 2004ല്‍ ദി മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവര്‍ റെസ്നിക് എന്ന കഥാപാത്രത്തിനായി അദ്ദേഹം 28 കിലോയാണ് കുറച്ചത്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം.
ഇതെന്നെ ആഴത്തില്‍ പ്രചോദിപ്പിച്ചു. ആ സിനിമയില്‍ ബെയ്ലിന്റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടതു തന്നെ. അദ്ദേഹത്തിന്റെ ആരാധകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനും കലാസൃഷ്ടിക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു' എന്നും ഗോകുല്‍ കുറിച്ചു.
ഗോകുലിന്റെ കഠിനാദ്ധ്വാനത്തെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്.കഠിനമായ ഡയറ്റിംഗാണ് ഗോകുല്‍ നടത്തിയത്.ഓഡിഷനിലൂടെയാണ് ബ്‌ളെസി ഹക്കീമായി ഗോകുലിനെ തിരഞ്ഞെടുക്കുന്നത്. കോഴിക്കോടന്‍ നാടകങ്ങളുടെ സംഭാവനയായ കെ. ആര്‍. ഗോകുല്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആടുജീവിതം.ആകാശ മിഠായി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.