സഹോദരന്റെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ നടി ഹന്‍സിക മൊത്വാനിക്ക് തിരിച്ചടി. ഹന്‍സിക സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയതോടെ താരം വിചാരണ നേരിടേണ്ടിവരും.
ഹന്‍സികയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മസ്‌കന്‍ നാന്‍സി ജെയിംസാണ് പരാതി നല്‍കിയത്. ഹന്‍സികയും അമ്മ ജ്യോതിക മൊത്വാനിയും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ ആരോപണം. സ്ത്രീധന പീഡനം, മനഃപൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍ തുടങ്ങി നിരവധി വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2021 മാര്‍ച്ചിലാണ് ഹന്‍സികയുടെ സഹോദരന്‍ പ്രശാന്ത് മൊത്വാനിയും മസ്‌കനും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിന് ഒരു വര്‍ഷത്തിനുള്ളില്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. പണവും വിലകൂടിയ സമ്മാനങ്ങളും ആവശ്യപ്പെട്ടും, തന്റെ പേരിലുള്ള ഫ്ലാറ്റ് വിറ്റഴിക്കാന്‍ നിര്‍ബന്ധിച്ചും ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചുവെന്നാണ് മസ്‌കന്റെ പരാതി. പീഡനത്തിന്റെ ആഘാതം മൂലം തനിക്ക് 'ബെല്‍സ് പാള്‍സി' ബാധിച്ചുവെന്നും അവര്‍ ആരോപിച്ചു.
പരാതി നല്‍കിയതിന് പിന്നാലെ, കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ സെഷന്‍സ് കോടതി ഹന്‍സികയ്ക്കും അമ്മയ്ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹന്‍സിക ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു. ഹന്‍സിക അവസാനമായി അഭിനയിച്ചത് 2024ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഗാര്‍ഡിയന്‍യിലാണ്.