താരസംഘടനയായ 'അമ്മ'യില്‍ നിന്നും താന്‍ ഇറങ്ങി പോയത് വിയോജിപ്പുള്ളതു കൊണ്ടാണെന്ന് നടന്‍ ഹരീഷ് പേരടി. സംഘടനയുടെ പേര് 'എഎംഎംഎ' എന്നായിരുന്നു ഹരീഷ് പേരടി പരാമര്‍ശിച്ചത്. ഇതില്‍ വിശദീകരിച്ചു കൊണ്ടാണ് നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 'എഎംഎംഎ' എന്ന് പറയുന്നത് ഒരു തെറിയല്ലെന്നും ഹരീഷ് പേരടി പറഞ്ഞു.ഒരുചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ ചോദ്യങ്ങള്‍ ഉത്തരം പറയുകയായിരുന്നു അദ്ദേഹം..
''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പാര്‍ട്ടിയെ സിപിഐഎം എന്നാണ് പറയാറ്. അങ്ങനെ പറഞ്ഞാല്‍ ഗോവിന്ദന്‍ മാഷ് ആരോടും ദേഷ്യപ്പെടില്ല. പിണറായി സഖാവും ആരോടും ദേഷ്യപ്പെടില്ല. എഎംഎംഎ എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കല്ല. സംഘടനയുടെ പേരാണത്. അത് കൂട്ടിവിളിക്കേണ്ടവര്‍ക്ക് വിളിക്കാം. കൂട്ടാതെയും വിളിക്കാം.''
''കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ? ഞാന്‍ ആ കൂട്ടത്തിലില്ല. വിയോജിപ്പുള്ളതു കൊണ്ടാണല്ലോ ഞാന്‍ അതില്‍ നിന്ന് ഇറങ്ങിപ്പോന്നത്'' എന്നാണ് ഹരീഷ് പേരടി പറയുന്നത്. അതേസമയം, നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയെ കുറിച്ച് പ്രതികരിക്കവെ, നടി അന്‍സിബ സംഘടനയുടെ പേര് 'അമ്മ' എന്ന് പറഞ്ഞാല്‍ മാത്രമേ പ്രതികരിക്കൂ എന്ന് പറഞ്ഞ സംഭവം ചര്‍ച്ചയായിരുന്നു.
മറ്റൊരു ചോദ്യവുമായി ബന്ധപ്പെട്ട് സംഘടനയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ 'എഎംഎംഎ' എന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞത്. ഇതില്‍ വിശദീകരണം തേടിയപ്പോഴാണ് നടന്‍ ഇത്തരത്തില്‍ പ്രതികരണം നടത്തിയത്.