Latest News

വീണ്ടും തിരിച്ചടി; 'ജനനായകന്‍' റിലീസ് വൈകും; പ്രദര്‍ശനാനുമതി നിഷേധിച്ച് ഹൈക്കോടതി; വിജയ് ചിത്രത്തിനായി ആരാധകര്‍ ഇനിയും കാത്തിരിക്കണം 

Malayalilife
 വീണ്ടും തിരിച്ചടി; 'ജനനായകന്‍' റിലീസ് വൈകും; പ്രദര്‍ശനാനുമതി നിഷേധിച്ച് ഹൈക്കോടതി; വിജയ് ചിത്രത്തിനായി ആരാധകര്‍ ഇനിയും കാത്തിരിക്കണം 

വിജയ് നായകനാകുന്ന ചിത്രം 'ജനനായകന്‍' റിലീസ് വൈകും. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സെന്‍സര്‍ ബോര്‍ഡിന്റെ (CBFC) വിശദീകരണം കൂടി കേട്ട് വേണം വിഷയത്തില്‍ തീരുമാനമെടുക്കാനെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. 

 ചിത്രത്തിന് യു.എ 16+ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സെന്‍സര്‍ ബോര്‍ഡ് (CBFC) ആണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഈ മാസം 20-ന് തന്നെ കേസിലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. സിംഗിള്‍ ബെഞ്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചില്ലെന്നും, ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടുള്ള സി.ബി.എഫ്.സി ചെയര്‍മാന്റെ ഉത്തരവിനെ പ്രൊഡ്യൂസേഴ്‌സ് ചോദ്യം ചെയ്തില്ലെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ പ്രധാന വാദം. 

അതേസമയം, സി.ബി.എഫ്.സി നിര്‍ദേശിച്ച മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ചുവെന്ന് നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ അറിയിച്ചു. വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന 'ജനനായകന്‍' പൊങ്കലിന് മുന്നോടിയായി ജനുവരി 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 

എന്നാല്‍ റിലീസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ബോര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് റഫര്‍ ചെയ്തതായി സെന്‍സര്‍ ബോര്‍ഡ് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിനെ അറിയിച്ചു. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെ?ഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.
 

Read more topics: # ജനനായകന്‍
jananayakan movie release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES