നിര്‍മാതാവ് ജോബി ജോര്‍ജ് മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'കസബ'യിലെ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. സംവിധായിക ഗീതു മോഹന്‍ദാസിന്റെ പുതിയ ചിത്രമായ 'ടോക്‌സിക്' ടീസറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ജോബി ജോര്‍ജിന്റെ ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
'കസബ'യിലെ സ്ത്രീവിരുദ്ധ രംഗങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഗീതു മോഹന്‍ദാസിന്റെ 'ടോക്‌സിക്' ടീസറിലും സമാനമായ സ്ത്രീവിരുദ്ധതയുണ്ടെന്ന് ആരോപിച്ചാണ് നിലവില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാകുന്നത്. 'അന്ന് കസബയ്ക്കെതിരെ പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത്. അതിര്‍ത്തി കടന്നാല്‍ പ്രശ്‌നമില്ലെന്നാണോ?' എന്ന ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഉയരുന്നുണ്ട്. മുമ്പ് 'കസബ'യിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളെയും രംഗങ്ങളെയും നടി പാര്‍വതി തിരുവോത്ത്, ഗീതു മോഹന്‍ദാസ് തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും മലയാള ചലച്ചിത്ര ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തിരുന്നു.
നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത 'കസബ'യില്‍ മമ്മൂട്ടി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തിയത്. തീയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രത്തില്‍ തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാര്‍ ആയിരുന്നു നായിക. സമ്പത്ത്, നേഹ സക്‌സേന, ജഗദീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രാജന്‍ സക്കറിയയുടെ രണ്ടാം വരവ് ഒരു പുതിയ ചിത്രത്തിലൂടെയാണോ അതോ 'കസബ'യുടെ റീ-റിലീസിലൂടെയാണോ എന്ന് ജോബി ജോര്‍ജ് വ്യക്തമാക്കാത്തത് സിനിമാ പ്രേമികളില്‍ ആകാംഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈ പ്രഖ്യാപനം മലയാള സിനിമയില്‍ വീണ്ടും സജീവ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.