ജോജു ജോര്‍ജിന് പിറന്നാള്‍ ആശംസകളുമായി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ. ചന്ദ്രന്‍. കമല്‍ഹാസനൊപ്പം ജോജു സെറ്റില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് രവി കെ. ചന്ദ്രന്‍ ആശംസകള്‍ നേര്‍ന്നത്. 'തഗ് ലൈഫ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജോജു ജോര്‍ജ് കാലൊടിഞ്ഞിട്ടും ഒരു സാഹസിക രംഗം പൂര്‍ത്തിയാക്കിയതായും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്നു രവി കെ. ചന്ദ്രന്‍. 'സിനിമയോടുള്ള ആത്മാര്‍ഥമായ സമര്‍പ്പണവും സ്‌നേഹവുമുള്ള രണ്ട് വലിയ വ്യക്തികള്‍. ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ ഒരു ആക്ഷന്‍ രംഗമാണ് ജോജു പൂര്‍ത്തിയാക്കിയത്. പ്രിയപ്പെട്ട ജോജുവിന് ജന്മദിനാശംസകള്‍,' രവി കെ. ചന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'തഗ് ലൈഫ്' സിനിമയില്‍ കമല്‍ഹാസന്‍, ചിമ്പു എന്നിവരോടൊപ്പം ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച ജോജു, നിലവില്‍ തമിഴ്, തെലുങ്ക് സിനിമാരംഗങ്ങളിലും സജീവമാണ്.
ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ്സംവിധാനം ചെയ്യുന്നവരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജോജുവിന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തിറങ്ങി. സുരേഷ് ഗോപിയടക്കമുള്ള നിരവധി താരങ്ങള്‍ പിറന്നാളാശംസകളോടെ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു.
ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകള്‍ക്കിടയിലൂടെ തീക്ഷണമായി നോക്കുന്ന ജോജുവാണ് പോസ്റ്ററിലുള്ളത്. 'Game of survival' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ പോസ്റ്റര്‍ സിനിമയുടെ ഭാവങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. ആ കണ്ണുകള്‍ കണ്ടാലറിയാം ഇതൊരു വരവ് തന്നെയായിരിക്കും എന്നാണ് പോസ്റ്ററിന് താഴെ വരുന്ന കമന്റുകള്‍.
ജോജു ജോര്‍ജിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളന്‍', ഉര്‍വശി നായികയാവുന്ന 'ആശ' എന്നിവ ഉള്‍പ്പെടുന്നു. 'വലതുവശത്തെ കള്ളന്‍' എന്ന ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.