അമേരിക്കയിലെ ഡാലസിലാണ് മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഇപ്പോള്‍ ഭാര്യയ്ക്കൊപ്പം കഴിയുന്നത്. വിവാഹത്തിനു മുന്നേ തന്നെ ആരംഭിച്ച തിരക്കാര്‍ന്ന സംഗീത ജീവിതത്തിന് ഇടവേള നല്‍കി ഭാര്യയ്ക്കൊപ്പമുള്ള നിമിഷങ്ങള്‍.. ആ വിശ്രമജീവിതം ആനന്ദകരമാക്കുകണ് അദ്ദേഹം ഇപ്പോള്‍. ഒപ്പം സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ഡാലസിലെ വീട്ടുമുറ്റത്തുനിന്നുള്ള ഏറ്റവും പുതിയ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.
അതേസമയം ഈ 85ാം വയസിലും അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള ഉപാസന കുറഞ്ഞിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. എന്നും പുലര്‍ച്ചയ്ക്ക് നാലരയ്‌ക്കെഴുന്നേറ്റ് സാധകം ചെയ്യുന്ന ദിനചര്യ ഈ പ്രായത്തിലും ഡാലസില്‍ വച്ചും അദ്ദേഹം തുടരുന്നുണ്ട്. മാത്രമല്ല, ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുന്ന അദ്ദേഹം ചിട്ടയായ ജീവിത ശൈലി ആണ് ഫോളോ ചെയ്യുന്നത്. തന്റെ ദൈവിക സ്വരത്തെ മോശമാക്കുന്ന ഒരു ഭക്ഷണവും കഴിക്കാറില്ല അദ്ദേഹം. ഡാലസിലെ ഒഴിവു വേളകളില്‍ ഭാര്യ പ്രഭക്ക് ഒപ്പം പച്ചക്കറി വാങ്ങാനും ഷോപ്പിംഗിനും ഒക്കെ അദ്ദേഹം പുറത്തേക്ക് ഇറങ്ങുകയും ചെയ്യും. അത്തരത്തില്‍ സ്വയം കാറോടിച്ചുപോകുന്ന ദാസേട്ടന്റെ വിശേഷങ്ങള്‍ മുന്‍പൊരിക്കല്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.
കോവിഡ് കാലത്തിനു ശേഷം ഇന്ത്യയിലേക്ക് ഉള്ള യാത്രകള്‍ കുറവാണ്. ഇടയ്ക്ക് അമേരിക്കയിലെ വേദികളില്‍ കച്ചേരികളും അവതരിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പിന്നെ സിനിമയിലെ സുഹൃത്തുക്കള്‍, സംഗീതലോകത്തിലെ പ്രിയപെട്ടവര്‍ ഒക്കെയും ദാസേട്ടനെ കാണാന്‍ പോകുന്നതിന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. ദാസേട്ടന്റെ ഒപ്പം നിഴലായി പ്രഭയും ഉണ്ട്. താന്‍ തുമ്മിയാലും അതിലും സംഗീതം കണ്ടെത്തുന്നയാളാണ് പ്രഭ എന്നൊരിക്കല്‍ ദാസേട്ടന്‍ പറഞ്ഞിട്ടുണ്ട്. അതും ഇഷ്ടപ്പെടും. കാരണം അത് അങ്ങനെയങ്ങ് ലയിച്ച് കിടക്കുകയാണ്. അവള്‍ക്ക് ഇഷ്ടക്കുറവേ വരില്ല, അണ്‍കണ്ടീഷണല്‍ ലവാണ് എന്നാണ് തങ്ങളുടെ പ്രണയത്തെകുറിച്ചുള്ള ചോദ്യത്തിന് ഒരിക്കല്‍ ദാസേട്ടന്‍ തുറന്നുപറഞ്ഞത്.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധിക ഭാര്യ പ്രഭയാണെന്നാണ് അടുപ്പമുള്ളവരും അദ്ദേഹം തന്നെ പറയാറുള്ളത്. പാട്ടുകളിലൂടെയാണ് ഇരുവരും പരസ്പരം അടുക്കുന്നതും. പാട്ടിനോടുള്ള ഇഷ്ടമാണ് അദ്ദേഹത്തോടുള്ള ആരാധനയിലേക്ക് എത്തിച്ചതെന്ന് പ്രഭ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. പരിപാടികളിലെല്ലാം സദസിന്റെ മുന്‍നിരയില്‍ പ്രഭയും ഉണ്ടാവാറുണ്ട്. പ്രഭയോടുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞുള്ള യേശുദാസിന്റെ വാക്കുകള്‍ പലവട്ടം വൈറലായിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ഏറെ നാളുകള്‍ക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചെത്തിയതാണ് അദ്ദേഹം.
അതേസമയം, മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധര്‍വന്‍ യേശുദാസ്. മലയാളികള്‍ക്ക് സ്വന്തം പാട്ടുപെട്ടിയാണ് അദ്ദേഹം. തലമുറ തലമുറയായി പാടി പാടി ഓരോരുത്തരുടേയും ബാല്യവും കൗമാരവും യൗവനവും കടന്ന് മധ്യവയസും വാര്‍ധക്യവുമൊക്കെ ഈ ശബ്ദത്തിന്റെ ആലാപനമധുരിമയില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ട്. ദാസേട്ടന്റെ പാട്ടിനെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും ആരാധകര്‍ക്ക് മതിവരാറുമില്ല.