സിനിമയില്‍ എത്തും മുമ്പ് ഓട്ടോ ഡ്രൈവറായിരുന്നു കലാഭവന്‍ മണി. കുടുംബം പോറ്റാന്‍ എല്ലാ പണികളും ചെയ്തിരുന്ന അദ്ദേഹം ഓട്ടോ ഡ്രൈവറായി മാറിയതോടെയാണ് നാട്ടുകാരുടെ കണ്ണിലുണ്ണി ആയതും. അന്ന് തുടങ്ങിവെച്ച സൗഹൃദങ്ങള്‍ മരണം വരെയും അദ്ദേഹം തുടരുകയും ചെയ്തിരുന്നു. അപ്പോള്‍ പിന്നെ, അന്ന് മണിയ്ക്ക് ഓടിയ്ക്കാന്‍ ഓട്ടോ നല്‍കിയ ഒരുമ്മയോട് മണിക്കുണ്ടായിരുന്ന സ്നേഹം എത്രയായിരിക്കും? സ്വന്തം അമ്മയെ സ്നേഹിക്കും പോലെ തന്നെ മണി കരുതുകയും കൊണ്ടു നടക്കുകയും ചെയ്തിരുന്ന ആ ഉമ്മ ഇപ്പോഴിതാ, മരണത്തിനു കീഴടങ്ങിയിരിക്കുകയാണെന്ന അതീവ സങ്കടകരമായ വാര്‍ത്തയാണ് ഇപ്പോള്‍ മലയാളികളെ തേടിയെത്തിയിരിക്കുന്നത്.
മണി ഉണ്ടായിരുന്നെങ്കില്‍ ചങ്കുപൊട്ടി നില്‍ക്കുമായിരുന്ന ആ നിമിഷത്തിലൂടെയാണ് ഇപ്പോള്‍ മണിയുടെ സഹോദരങ്ങളും കടന്നുപോകുന്നത്. കാരണം, മണിയ്ക്ക് മാത്രമല്ല, മണിയുടെ സഹോദരങ്ങളും തണലായ ഉമ്മയാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.ചേനത്തുനാട് പാളയം കോട്ടുകാരന്‍ പരേതനായ മുസ്തഫയുടെ ഭാര്യ ഹയറുന്നീസ കഴിഞ്ഞ ദിവസം വിടവാങ്ങിയത്. 89 വയസായിരുന്നു പ്രായം. കുട്ടിക്കാലത്തു കലാഭവന്‍ മണിക്കും സഹോദരന്മാര്‍ക്കും തണലായ ഉമ്മ, ആ കുടുംബത്തിന്റെ പട്ടിണിയും ദുരിതവും അകറ്റാന്‍ കൂടെ നിന്ന ഈ ഉമ്മ ഓര്‍മയായപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് കലാഭവന്‍ മണിയുടെ അനുജനും നടനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചത്.
ചേനത്തുനാട്ടില്‍ മണിയുടെ തറവാട്ടുവീടിനോടു ചേര്‍ന്ന വീടാണ് ഹയറുന്നീസയുടേത്. അയല്‍വാസിയായ ഇവര്‍ തങ്ങള്‍ക്കെല്ലാം വയറു നിറയെ ആഹാരം തന്നു ചേര്‍ത്തുപിടിച്ച സ്നേഹനിധിയായ ഉമ്മയാണെന്നാണ് രാമകൃഷ്ണന്‍ നിറകണ്ണുകളോടെ പറഞ്ഞത്.
''7 മക്കളുള്ള ഉമ്മയ്ക്ക് ഞങ്ങളും മക്കളെ പോലെയായിരുന്നു. കുട്ടിക്കാലത്ത് ഉമ്മയെ ചുറ്റിപറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം. ഉമ്മയുടെ കൂടെ ചാലക്കുടി മാര്‍ക്കറ്റിലേക്ക് പോകുക, റേഷന്‍ കടയിലേക്ക് പോകുക , എല്ലാത്തിനും സഹായിയായി എപ്പോഴും ഞങ്ങളുടെ കുടുംബം ഉണ്ടാകും. ഉമ്മയുടെ മകനായ അലി ചേട്ടന്‍ (സൈലബ്ദീന്‍) വാങ്ങിയ മുസ്തഫ സണ്‍സ് എന്ന ലാമ്പര്‍ട്ട ഓട്ടോറിക്ഷയാണ് മണിച്ചേട്ടന്‍ ആദ്യമായി ഓടിച്ചത്. എവിടെ പോയാലും ഉമ്മയുടെ അടുത്ത് വിവരങ്ങള്‍ പറഞ്ഞിട്ടേ... പോകാറുള്ളൂ... തിരികെ വരുമ്പോഴും എല്ലാ വിശേഷങ്ങളും ചോദിച്ചറിയും. ഇനി ആ വിളിയില്ല... സ്നേഹാന്വേഷണവും ഇല്ല...ഇതോടെ ഞങ്ങളുടെ ഒരു കാലഘട്ടത്തിലെ കാരണവന്‍മാരുടെ കണ്ണികള്‍ ഇല്ലാതെയായി.''രാമകൃഷ്ണന്റെ വാക്കുകള്‍.