രാവിലെ നെഞ്ചരിച്ചിലെന്ന് ഭാര്യ പിതാവിനെ ഫോണില്‍ അറിയിച്ചു; സാധാരണ നെഞ്ചരിച്ചില്‍ അല്ലെന്ന് പറഞ്ഞ ഡോക്ടര്‍ ഉടന്‍ ഇസിജി എടുക്കാനും നിര്‍ദ്ദേശിച്ചു; ആശുപത്രിയില്‍ പോകാത്തത് അഭിനയ കമ്പം കാരണം; കലാഭവന്‍ നവാസിനെ ഓര്‍ത്ത് നാട് വിതുമ്പുമ്പോള്‍ 

Malayalilife
 രാവിലെ നെഞ്ചരിച്ചിലെന്ന് ഭാര്യ പിതാവിനെ ഫോണില്‍ അറിയിച്ചു; സാധാരണ നെഞ്ചരിച്ചില്‍ അല്ലെന്ന് പറഞ്ഞ ഡോക്ടര്‍ ഉടന്‍ ഇസിജി എടുക്കാനും നിര്‍ദ്ദേശിച്ചു; ആശുപത്രിയില്‍ പോകാത്തത് അഭിനയ കമ്പം കാരണം; കലാഭവന്‍ നവാസിനെ ഓര്‍ത്ത് നാട് വിതുമ്പുമ്പോള്‍ 

ലാഭവന്‍ നവാസിന്റെ ജീവനെടുത്തത് ഹൃദയാഘാതം തന്നെ. വെള്ളിയാഴ്ച രാത്രി അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് അന്നു രാവിലെ നെഞ്ചെരിച്ചില്‍ അനുഭവപ്പെട്ടിരുന്നു. ഇത് കാര്യമായി എടുത്തില്ല. അഭിനയിക്കേണ്ടതുള്ളതിനാല്‍ ആശുപത്രിയില്‍ പോകുന്നത് ഒരു ദിവസം നീട്ടിവവച്ചു. അത് മരണമായി മാറുകയായിരുന്നു. നെഞ്ചെരിച്ചില്‍ ഉണ്ടായ വിവരം ഭാര്യാപിതാവിനെ ഫോണി അറിയിച്ചിരുന്നു. കുടുംബ ഡോക്ടര്‍ അഹമ്മദ് കാരോത്തുകുഴിയെ കാണാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ചു രാവിലെ 6.57നു നവാസ്, ഡോ. അഹമ്മദിനെ ഫോണില്‍ വിളിച്ചു. ഗ്യാസിന്റെ പ്രശ്നം ആയിരിക്കുമോ എന്ന സംശയവും പ്രകടിപ്പിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡോ. അഹമ്മദ്, ഇതു സാധാരണ നെഞ്ചെരിച്ചില്‍ അല്ലെന്നും ഉടന്‍ ഏതെങ്കിലും ആശുപത്രിയില്‍ എത്തണമെന്നും പറഞ്ഞു. ഇസിജി എടുത്തു തനിക്ക് അയയ്ക്കാനും ആവശ്യപ്പെട്ടു. ഷൂട്ടിങ് ഉള്ളതിനാല്‍ അത് ചെയ്തില്ല. 

 അവസാനം അഭിനയിച്ച 'പ്രകമ്പനം' സിനിമയുടെ ചോറ്റാനിക്കരയിലെ ലൊക്കേഷനിലായിരുന്നു 26 മുതല്‍ നവാസ്. ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂളിന്റെ അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. അതുകൊണ്ടാണ് ആശുപത്രിയില്‍ പോകാന്‍ വൈകിയത്. വീട്ടിലേക്കു മടങ്ങുന്നതിനാല്‍ പിറ്റേന്നു ഡോക്ടറെ കാണാമെന്നും കരുതി. ഷൂട്ടിങ് കഴിഞ്ഞു ലോഡ്ജിലേക്കു പോയ നവാസിന് അവിടെ വച്ചാണു ഹൃദയാഘാതം ഉണ്ടായത്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് മൂവിയായ പ്രകമ്പനത്തില്‍ രാഷ്ട്രീയ നേതാവിന്റെ റോളായിരുന്നു നവാസിന്. 'സിപിഎന്‍' പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയായി ആയിരുന്നു അഭിനയം. 2 ദിവസത്തെ ഷൂട്ടിങ് നവാസിന് ഇനിയും ഉണ്ടായിരുന്നു. മലയാള നാടകങ്ങളിലും സിനിമകളിലും അഭിനയത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച അബൂബക്കറിന്റെ മകനായിട്ടും കലാഭവന്‍ നവാസ് വടക്കാഞ്ചേരിയുടെ മണ്ണില്‍നിന്ന് മിമിക്രി, സിനിമാ രംഗങ്ങളില്‍ ചുവടുറപ്പിച്ചത് സ്വപ്രയത്നം കൊണ്ടായിരുന്നു. അബൂബക്കറിന്റെ മരാത്തുകുന്നിലെ വീട്ടിലാണ് സഹോദരന്മാരായ നവാസ് ബക്കറിനും നിയാസിനൊപ്പം നവാസ് വളര്‍ന്നത്. 

സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രിയിലും പാട്ടിലും തിളങ്ങി. നാടകങ്ങളിലൂടെ അഭിനയത്തിലും മിടുക്കനാണെന്ന് തെളിയിച്ചു. മരാത്തുകുന്നിലെ സനം, നാദം എന്നീ ക്ലബ്ബുകളിലൂടെ നിരവധി തവണ കലാപ്രകടനങ്ങള്‍ നടത്തി. പഠിച്ച ഓട്ടുപാറയിലെയും വടക്കാഞ്ചേരിയിലെയും സ്‌കൂളുകളില്‍ മിന്നും താരമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ വടക്കാഞ്ചേരി വിട്ട് മാതാവിന്റെ എറണാകുളത്തെ വീട്ടിലേക്ക് നവാസ് താമസം മാറി. ഇതോടെ സിനിമയിലേക്ക് എത്തി. നവാസും നിയാസ് ബക്കറും മിമിക്രി കലാകാരനെന്ന ഖ്യാതി നേടിയിരുന്നു. കോമഡി പരിപാടികളിലും ക്ഷേത്രപരിപാടികളിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു ഇരുവരും. മരാത്തുകുന്നിലെ കുടുംബവീട് വില്‍ക്കുംവരെ കലാഭവന്‍ നവാസ് ഇടയ്ക്കിടെ വടക്കാഞ്ചേരിയിലെത്തുമായിരുന്നു. വടക്കാഞ്ചേരിയിലുണ്ടായിരുന്ന സൗഹൃദങ്ങളെല്ലാം നവാസ് സൂക്ഷിച്ചിരുന്നു. 

നവാസിന്റെ മൃതദേഹം ശനി രാവിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഒന്നേമുക്കാലോടെ ആലുവ നാലാംമൈലിലെ 'നെസ്റ്റ്' വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ കലസാംസ്‌കാരികരാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വ്യവസായമന്ത്രി പി രാജീവ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആദരാഞ്ജലി അര്‍പ്പിച്ചു. ഹൈബി ഈഡന്‍ എംപി, അഭിനേതാക്കളായ ശ്വേത മേനോന്‍, സിദ്ദിഖ്, ജയസൂര്യ, സായ്കുമാര്‍, ലാല്‍, ദേവന്‍, രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ പ്രസാദ്, വിനോദ് കോവൂര്‍, മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍, ആലുവ നഗരസഭാ ചെയര്‍മാന്‍ എം ഒ ജോണ്‍, സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു. വൈകിട്ട് നാലോടെ ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ എത്തിച്ചു. പൊതുദര്‍ശനത്തിനുശേഷം ആറോടെ ഖബറടക്കി. വെള്ളി രാത്രിയാണ് നവാസിനെ ചോറ്റാനിക്കര ഗവ. ഹൈസ്‌കൂള്‍ മൈതാനത്തിന് എതിര്‍വശത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

kalabhavan navas funeral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES