ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഹൃദയാഘാതം മൂലം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്നും ഭാര്യയും മക്കളും ഇപ്പോഴും പൂര്‍ണമായും മുക്തരായിട്ടില്ല. ആരോഗ്യത്തെ കൃത്യമായി ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്ന നവാസ് സ്വന്തം ആരോഗ്യ കാര്യത്തില്‍ മാത്രമല്ല, ചുറ്റുമുള്ളവരുടേയും താന്‍ സ്നേഹിക്കുന്ന എല്ലാവരുടേയും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നു. ഒരാളെ കണ്ടാല്‍ വിശേഷങ്ങള്‍ തിരക്കുന്ന കൂട്ടത്തില്‍ അദ്ദേഹം ഏറ്റവും അധികം ചോദിച്ചിരുന്നത് ഭക്ഷണക്രമീകരണങ്ങളെ കുറിച്ചും വ്യായാമത്തെ കുറിച്ചുമൊക്കെയായിരുന്നു. അത്രത്തോളം കരുതല്‍ ആരോഗ്യകാര്യത്തില്‍ എടുത്തിരുന്ന അദ്ദേഹത്തിന് സംഭവിച്ച ദുര്‍വിധി ഭാര്യയേയും മക്കളേയും പോലെ ഞെട്ടിച്ചിരുന്നു. പ്രത്യേകിച്ചും ഭാര്യ രഹ്നയെ തന്നെയാണ് അതു ഞെട്ടിച്ചത്.
കാരണം, എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവച്ചിരുന്നവരായിരുന്നു രഹ്നയും നവാസും. ഇപ്പോഴിതാ, നവാസിന്റെ വിയോഗം ഉള്‍ക്കൊണ്ടു തുടങ്ങിയ രഹ്ന അദ്ദേഹത്തിന് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് നെഞ്ചുവേദന വന്നിരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മക്കളോട് പറഞ്ഞ രഹ്നയുടെ വാക്കുകള്‍ മക്കള്‍ പങ്കുവച്ചത് ഇങ്ങനെയാണ്: ഉമ്മച്ചിയോട് വാപ്പിച്ചിയും ഞങ്ങളും ഒന്നും മറച്ച് വെയ്ക്കാറില്ല. കാരണം ഞങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും വീട്ടിലിരിക്കുന്ന ഉമ്മച്ചിക്ക് അത് അറിയാന്‍ പറ്റും. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് ഉമ്മച്ചി വാപ്പിച്ചിയോടും ഞങ്ങളോടും ഓര്‍മ്മപ്പെടുത്തിയിരുന്നു. പക്ഷെ അതിങ്ങനെയാകുമെന്ന് കരുതിയില്ല. അവസാന നിമിഷം വരെ വാപ്പിച്ചി വളരെ എനര്‍ജെറ്റിക്ക് ആയിരുന്നു. ചെറിയ വേദനയെങ്കിലും വന്നിരുന്നെങ്കില്‍ ഉമ്മച്ചിയും വാപ്പിച്ചിയും ഹോസ്പിറ്റലില്‍ എത്തുമായിരുന്നു. ഷുഗര്‍ ഇല്ലാതിരിന്നിട്ടുപോലും വാപ്പിച്ചിക്ക് നെഞ്ചുവേദന വന്നിട്ടില്ല എന്നാണ് മക്കള്‍ പറഞ്ഞിരിക്കുന്നത്.
വാപ്പിച്ചി ആ സെറ്റില്‍ വളരെ ഹാപ്പി ആയിരുന്നുവെന്ന് ഉമ്മച്ചി പറഞ്ഞ് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അവിടെ നടന്ന എല്ലാകാര്യങ്ങളും ഉമ്മച്ചിയോട് വാപ്പിച്ചി ഷെയര്‍ ചെയ്തിട്ടുണ്ട്. വാപ്പിച്ചിക്ക് ഒരു നെഞ്ചുവേദനയും വന്നിട്ടില്ല. എപ്പോഴെങ്കിലും ഉമ്മച്ചിയില്‍ നിന്ന് എല്ലാവര്‍ക്കും അത് മനസിലാവും. അവസാന സമയത്തും വാപ്പിച്ചി ഉമ്മച്ചിയെ വിളിച്ചിട്ടുണ്ട്. അപ്പോഴും വാപ്പിച്ചി വളരെ സന്തോഷത്തോടെയും ആരോഗ്യത്തോടെയുമാണ് സംസാരിച്ചത് എന്നായിരുന്നു മക്കളുടെ വാക്കുകള്‍. പ്രകമ്പനം എന്ന നവാസ് അവസാനമായി അഭിനയിച്ച സിനിമയുടെ ഗ്ലിംപ്സ് കഴിഞ്ഞ ദിവസം നവാസിന്റെ മക്കളെ സംവിധായകന്‍ കാണിച്ചിരുന്നു. അവിടെയെത്തി മടങ്ങവേയാണ് മക്കള്‍ ഇങ്ങനെ പ്രതികരിച്ചത്.
പ്രകമ്പനത്തിലെ എല്ലാവരേയും വാപ്പിച്ചിയിലൂടെ ഉമ്മച്ചിക്ക് അറിയാമായിരുന്നു. പക്ഷെ വാപ്പിച്ചി പോയതിനുശേഷം അവരെപ്പറ്റി വാപ്പിച്ചി എന്താണോ ഉമ്മിച്ചിയോട് ഷെയര്‍ ചെയ്തത് അത് അവര്‍ തെളിയിച്ചു. അവര്‍ ഞങ്ങളോട് കാണിച്ച സ്നേഹത്തിനും സഹകരണത്തിനും നന്ദി. പ്രത്യേകിച്ച് സംവിധായകന്‍ വിജേഷേട്ടനും നിര്‍മാതാവ് ശ്രീജിത്തേട്ടനും. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിനായി ചോറ്റാനിക്കരയില്‍ പോയി തിരികെ വരാന്‍ തയ്യാറെടുക്കുമ്പോഴാണ് മരണം നവാസിലേക്ക് എത്തിയത്. മരണ വാര്‍ത്ത പ്രചരിച്ച സമയത്ത് നടന് ഷൂട്ടിങ് സമയത്ത് നെഞ്ചുവേദന വന്നിരുന്നുവെന്ന് പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഉമ്മിച്ചിയുടെ വെളിപ്പെടുത്തല്‍ മക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
നവാസിന്റെ മരണം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഭാര്യ രഹ്നയെയാണ്. ഇന്നും നവാസിന്റെ മരണം ഉള്‍ക്കൊള്ളാന്‍ രഹനയ്ക്കായിട്ടില്ല. അടുത്തിടെയായിരുന്നു ഇരുവരുടേയും വിവാഹവാര്‍ഷികം. നവാസ് ഒപ്പം ഇല്ലാത്ത ആദ്യത്തെ വിവാഹവാര്‍ഷികം ആയിരുന്നുവെങ്കിലും ആ വിഷമത്തിന് ഇടയിലും എല്ലാ വര്‍ഷവും ചെയ്യാറുള്ളതുപോലെ വൃക്ഷതൈ നട്ടു രഹ്ന. പ്രശസ്ത നാടക ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്. കലാഭവനില്‍ ചേര്‍ന്നതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായി നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു. മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന മിസ്റ്റിക്-കോമഡി എന്റര്‍ടെയ്നര്‍ സിനിമയാണ് പ്രകമ്പനം.