ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കത്രീന ഗര്‍ഭിണിയാണെന്നും ഒക്ടോബറിലോ നവംബറിലോ കുഞ്ഞ് ജനിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദമ്പതികളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വര്‍ഷങ്ങളായി ഇരുവരും തങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണത്തിന് എല്ലാവരും കാത്തിരിക്കുകയായിരുന്നു.
ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, അഭ്യൂഹങ്ങള്‍ ശക്തമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കത്രീന പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി, കുഞ്ഞ് ജനിച്ചാല്‍ കത്രീന സിനിമാ രംഗത്ത് നിന്ന് ദീര്‍ഘ അവധിയെടുക്കുമെന്നും സൂചനയുണ്ട്. കുഞ്ഞിന്റെ കാര്യങ്ങള്‍ നേരിട്ട് നോക്കി വളര്‍ത്താന്‍ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
2021-ലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. 42-ാം വയസ്സിലാണ് കത്രീന അമ്മയാകാന്‍ ഒരുങ്ങുന്നത്. ഇരുവരുടെയും പ്രണയകഥ ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയില്‍ താന്‍ വിക്കി കൗശലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നതായി കത്രീന വെളിപ്പെടുത്തിയതോടെയാണ് ഇവരുടെ ബന്ധം ശ്രദ്ധേയമായത്.