കലേഷിന്റെ കവിതാ മോഷണത്തിന്റെ അലയൊലികൾ മാറും മുമ്പേ മലയാളത്തിൽ മറ്റൊരു മോഷണ വിവാദം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ഇത്തവണ മോഷണ ആരോപണം നീളുന്നത് അനുകരണ കലയുടെ സമ്രാട്ട് എന്നറിയപ്പെടുന്ന കോട്ടയം നസീറിന് നേരെയാണ്. കോട്ടയം നസീർ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം കുട്ടിച്ചൻ എന്ന ചിത്രം കോപ്പിയടിയാണെന്ന് ആരോപണം ഉയർന്നിരിക്കുന്നത്.സംസ്ഥാന പുരസ്‌കാരം നേടിയ' ക്രൈം നമ്പർ 89' എന്ന ചിത്രത്തിന്റെ സംവിധായകനായ സുദേവൻ പെരിങ്ങോടാണ് തന്റെ 'അകത്തോ പുറത്തോ' എന്ന ചിത്രത്തിലെ 'വൃദ്ധൻ' എന്ന ഭാഗത്തിന്റെ കോപ്പിയടിയാണ് കുട്ടിച്ചൻ എന്ന ആരോപണവുമായി രംഗത്തെത്തിയത്.
സുദേവൻ ആരോപണമുന്നയിച്ചതിന് തൊട്ടു പിന്നാലെ സംവിധായകൻ ഡോ ബിജു സനൽ കുമാർ ശശിധരൻ തുടങ്ങിയവരും സുദേവന് പിന്തുണയുമായെത്തി.എന്നാൽ ഈ പറയുന്ന ചിത്രത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് കോട്ടയം നസീർ പ്രതികരിച്ചത്.സുദേവൻ പെരിങ്ങോടിന്റെ സിനിമ ഞാൻ കണ്ടിട്ടില്ല. കാണാത്ത കാര്യത്തെ കുറിച്ച് താൻ എങ്ങനെ പറയും. ഒരു കാര്യത്തെ കുറിച്ച് എഴുതി അറിയിക്കാൻ പലർക്കും കഴിയും അത് ശരിയാണോ എന്ന് നോക്കേണ്ട അവകാശം എനിക്കില്ലേ? സിനിമ കണ്ട ശേഷം ഞാൻ പറയാം. എനിക്ക് ഒന്നിൽ നിന്നും ഒളിച്ചോടേണ്ട കാര്യമില്ല.' കോട്ടയം നസീർ പറഞ്ഞു.ചിലപ്പോൾ അദ്ദേഹത്തിന്റെ ഈ ചിത്രം കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാകും ഇങ്ങനെ പറഞ്ഞതെന്നും ഹാസ്യ രൂപേണ കോട്ടയം നസീർ കൂട്ടി ചേർത്തു
ഫെബ്രുവരി 14ന് ആയിരുന്നു 'കുട്ടിച്ചൻ' എന്ന ഹ്രസ്വചിത്രം യു ട്യൂബിൽ റിലീസ് ചെയ്തത്. ജാഫർ ഇടുക്കി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും കോട്ടയം നസീർ ആയിരുന്നു. മനേഷ് കുരുവിള, കണ്ണന വി.ജി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്.
സുദേവന്റെ ഫെയ്‌സബുക്കിലൂടെയാണ് ഇന്നലെ കോപ്പിയടി ആരോപണം ഉന്നയിച്ചത്.