മാനസികാരോഗ്യത്തെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ വിവാദ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 'പണിയില്ലാത്തവര്‍ക്ക് വരുന്നതാണ് ഡിപ്രഷന്‍, അതൊക്കെ പഴയ വട്ട് തന്നെയാണ്' എന്നായിരുന്നു അഭിമുഖത്തില്‍ അവര്‍ പ്രതികരിച്ചത്. ഈ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി.
കൃഷ്ണപ്രഭയുടെ പ്രസ്താവനയ്‌ക്കെതിരെ നടി സാനിയ അയ്യപ്പനും പ്രതികരിച്ചു. ഒരു സൈക്കോളജിസ്റ്റ് പങ്കുവെച്ച വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയര്‍ ചെയ്തുകൊണ്ടാണ് സാനിയയുടെ വിമര്‍ശനം. 'ആരൊക്കെയോ പറയുന്ന കേള്‍ക്കുന്നു, അവര്‍ ഓവര്‍ തിങ്കിംഗ് ആണ്, ഡിപ്രഷന്‍ വരുന്നു എന്നൊക്കെ. ഇത് പുതിയ വാക്കുകളാണ്. ഞങ്ങള്‍ കളിയാക്കി പറയും, പണ്ടത്തെ വട്ട് തന്നെയാണ് ഇപ്പോള്‍ പുതിയ പേരിട്ട് വിളിക്കുന്നുവെന്നേയുള്ളൂ. ഇതൊക്കെ വരാന്‍ കാരണം പണിയില്ലാത്തതുകൊണ്ടാണ്.' - എന്നായിരുന്നു കൃഷ്ണപ്രഭയുടെ പരാമര്‍ശം.
മാനസികാരോഗ്യ വിഷയങ്ങളില്‍ സമൂഹത്തില്‍ അവബോധം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ തികച്ചും അപക്വവും വേദനാജനകവുമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. ഒരു വ്യക്തിക്ക് ഡിപ്രഷന്‍, ഉത്കണ്ഠ, മൂഡ് സ്വിംഗ്‌സ് തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കേവലം മടി കൊണ്ടോ ഒഴിവു സമയം കൊണ്ടോ മാത്രമല്ലെന്നും, ഇതിന് സാമ്പത്തിക, കുടുംബ, ജീവിതശൈലി, ജനിതക കാരണങ്ങളുമുണ്ടെന്ന് സാനിയ പങ്കുവെച്ച വീഡിയോയില്‍ വിശദീകരിക്കുന്നു. ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് അവയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണും ഇതിനെതിരെ പ്രതികരിച്ചു. ദീപിക പദുകോണിനെ മാനസികാരോഗ്യ അംബാസിഡറായി നിയമിച്ച വേളയിലാണ് മലയാളത്തിലെ ഒരു നടി മാനസികാരോഗ്യ പ്രശ്‌നങ്ങളെ പുച്ഛിച്ചു തള്ളുന്നതെന്നും, സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കാതെയിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.ഏകദേശം ഒന്‍പത് ശതമാനം ആളുകള്‍ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെയാണ് നടി പരിഹസിക്കുന്നതെന്നും, ഇത്തരം പരാമര്‍ശങ്ങള്‍ വ്യക്തികളെ നിരുത്സാഹപ്പെടുത്തുന്നതാണെന്നും ഡോ. സി.ജെ. ജോണ്‍ ചൂണ്ടിക്കാട്ടി.
സംഭവിച്ച കാര്യങ്ങള്‍ തിരുത്താനോ മാപ്പ് പറയാനോ തയ്യാറാകാതെ, തന്റെ പരാമര്‍ശങ്ങളെ മാധ്യമങ്ങളിലൂടെ ന്യായീകരിക്കാന്‍ മാത്രമാണ് കൃഷ്ണപ്രഭ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തിന് ഹാനികരമാണെന്ന് ഡോ. ജോണ്‍ ഓര്‍മ്മിപ്പിച്ചു.
ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് കൃഷ്ണപ്രഭയുടെ വിവാദപരമായ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്. 'പണിയൊന്നുമില്ലാതെ ഇരിക്കുന്നതാണ് ഡിപ്രഷന്‍ ഉണ്ടാകാന്‍ കാരണം,' എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അവര്‍ പറയുന്നതായി വീഡിയോയില്‍ കാണാം. ആളുകള്‍ ഡിപ്രഷന്‍, മൂഡ് സ്വിങ്‌സ് എന്നിങ്ങനെ പല പേരുകളില്‍ ഇപ്പോള്‍ വിളിക്കുന്ന ഈ അവസ്ഥ യഥാര്‍ത്ഥത്തില്‍ 'പഴയ വട്ട്' തന്നെയാണ് എന്നും, അതിപ്പോള്‍ പുതിയ പേര് നല്‍കി പ്രചരിപ്പിക്കുകയാണെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേര്‍ത്തു.