ജീവനക്കാര്‍ കസ്റ്റമേഴ്സുമായി നേരിട്ട് ഇടപാട് നടത്തി പണമെടുത്തു; ആയിരത്തോളം ഇടപാടുകള്‍ ഇത്തരത്തില്‍ നടത്തിയതിന് തെളിവുകള്‍; കടയിലെ സ്റ്റോക്കുകളിലും കുറവ്; ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍; മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി കൃഷ്ണകുമാറും ദിയയും

Malayalilife
 ജീവനക്കാര്‍ കസ്റ്റമേഴ്സുമായി നേരിട്ട് ഇടപാട് നടത്തി പണമെടുത്തു; ആയിരത്തോളം ഇടപാടുകള്‍ ഇത്തരത്തില്‍ നടത്തിയതിന് തെളിവുകള്‍; കടയിലെ സ്റ്റോക്കുകളിലും കുറവ്; ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍; മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി കൃഷ്ണകുമാറും ദിയയും

ബിജെപി നേതാവും നടനുമായി കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനമായ 'ഒ ബൈ ഓസി'യിലെ പണാപഹരണ കേസിലെ അന്വേഷണം പുരോഗമിക്കയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം വടത്തിയപ്പോള്‍ നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൃഷ്ണകുമാറും മകളും മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാര്‍ കസ്റ്റമേഴ്സുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നതായി ജി.കൃഷ്ണകുമാര്‍ പറഞ്ഞു. വസ്തുക്കള്‍ വിറ്റ ശേഷം പണം ജീവനക്കാര്‍ തന്നെ എടുത്തു. ആയിരത്തോളം ഇടപാടുകള്‍ ഇത്തരത്തില്‍ നടത്തിയതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കള്ളം പറയുമ്പോഴാണ് മാറ്റി പറയേണ്ടി വരുന്നതെന്നും താനും ദിയയും എവിടെയോ ഇരിക്കുന്ന അഹാനയും പറയുന്നത് ഒരേ കാര്യമാണെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു. 

അവര്‍ പണം എടുത്തിട്ടുണ്ടെന്നും 69 ലക്ഷം രൂപയോളം നഷ്ടമായി എന്നാണ് മനസിലാക്കുന്നതെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു. 'ഇത് കൂടാതെ കടയിലെ സ്റ്റോക്കുകളും കുറഞ്ഞിട്ടുണ്ട്. അന്വേഷണത്തില്‍ തൃപ്തരാണ്. ഞങ്ങള്‍ ഒന്നാം തീയതി പരാതി നല്‍കി. അതിനു ശേഷമാണ് അവര്‍ പരാതി നല്‍കിയത്. ഇവര്‍ ഇപ്പോള്‍ എവിടെയാണ് എന്ന് അറിയില്ല. അന്ന് പ്രതികരിച്ചതിന് ശേഷം കണ്ടിട്ടില്ല. ആദ്യ ഘട്ടത്തില്‍ തന്നെ മാധ്യമങ്ങള്‍ വാര്‍ത്തയുടെ സത്യാവസ്ഥ കണ്ടെത്താന്‍ സഹായിച്ചു. ഏതെങ്കിലും രാഷ്ട്രീയക്കാരനോ പാര്‍ട്ടിക്കോ ഇതില്‍ താല്പര്യമുണ്ടെങ്കില്‍ അങ്ങനെ ഇടപെടുത്തരുത്. രാഷ്ട്രീയത്തെ വച്ച് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ'വെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 

എന്റെ കുടുംബത്തെ അതില്‍ ചേര്‍ക്കരുത്. ഈ വിഷയത്തില്‍ ഞാന്‍ രാഷ്ട്രീയം ഇടപെടുത്തിയിട്ടില്ല. ജാതി ഒന്നും ഇതില്‍ ഇടപെടുത്തേണ്ട ആവശ്യമേ ഇല്ല. ഇതിന് പിന്നില്‍ ആരോ ഉണ്ട്. ഇന്ന് സിസിടിവി ദൃശ്യങ്ങള്‍ കൂടി വന്നതോടെ വലിയ കള്ളം പൊളിഞ്ഞു. ഇവര്‍ ഈ സമൂഹത്തിന് തന്നെ അപകടമാണ്. കൃത്യമായ ശിക്ഷ വാങ്ങി നല്‍കണമെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ ചോദിച്ചപ്പോ 500 രൂപ, 2000 രൂപ എടുത്തു എന്നാണ് പറഞ്ഞതെന്ന് ദിയയും പ്രതികരിച്ചു. ഏപ്രില്‍ വരെ ഞാന്‍ ഹോസ്പിറ്റലില്‍ ആയതിനാല്‍ എനിക്ക് അത് ശ്രദ്ധിക്കാന്‍ പറ്റിയില്ല. ഇവരുടെ വിശ്വാസത്തിന്റെ പേരിലാണ് എനിക്ക് അബദ്ധം പറ്റിയതെന്നും ദിയ പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറും മകള്‍ ദിയയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട.്

 ഇവര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്‍കിയ പരാതിയിന്‍മേല്‍ കേസെടുത്തിരിക്കുന്നത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവേയാണ് കൃഷ്ണകുമാറും മകള്‍ ദിയയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. അതേ സമയം ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളെന്ന് നടന്‍ കൃഷ്ണകുമാറും മകള്‍ ദിയയും പ്രതികരിച്ചു. 

ജീവനക്കാരികള്‍ പറഞ്ഞത് മുഴുവന്‍ അവര്‍ക്കെതിരെ തിരിഞ്ഞു കുത്തുമെന്നും ഇരവരും വ്യക്തമാക്കി. പണം അപഹരിച്ചവരുടെ ജീവിതസാഹചര്യം വരെ മാറി. കേസുമായി ബന്ധപ്പെട്ട് ആരും രാഷ്ട്രീയം കലര്‍ത്തരുതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ചിലരൊക്കെ അതിന് ശ്രമിക്കുന്നുണ്ടെന്നും കൃഷ്ണകുമാര്‍ വിമര്‍ശിച്ചു. നടന്‍ കൃഷ്ണകുമാറും മകള്‍ ദിയയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതി ശരിയല്ലെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജീവനക്കാരികളെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റുന്നതായി ദൃശ്യങ്ങളിലില്ല. ഒരു ജീവനക്കാരി സ്വന്തം സ്‌കൂട്ടറിലാണ് കാറിന് പിന്നാലെ പോകുന്നത്. ജീവനക്കാരികള്‍ പറഞ്ഞതെല്ലാം അവര്‍ക്ക് തന്നെ തിരിച്ചടിയാകുകയാണെന്നും കേസില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും കൃഷ്ണകുമാറും ദിയയും പറഞ്ഞു. 

കൃഷ്ണകുമാറും ദിയയും തങ്ങളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നായിരുന്നു ജീവനക്കാരികളുടെ പരാതി. പക്ഷെ ദിയയുടെ കവടിയാറിലെ ഫ്ലാറ്റില്‍ നിന്ന് പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ അങ്ങനെയില്ല. സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ച ബഹളത്തിലേക്ക് നീങ്ങിയപ്പോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ഇടപെട്ടിരുന്നു. പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമൊപ്പം മൂന്ന് ജീവനക്കാരികളില്‍ രണ്ട് പേര്‍ കാറില്‍ കയറുന്നത്. ഈ ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ചുറ്റും കൂടുതല്‍ സ്ത്രീകളടക്കമുള്ളവര്‍ ഉണ്ട്. ജീവനക്കാരില്‍ ഒരാള്‍ അവരുടെ സ്‌കൂട്ടറിലാണ് ഈ വാഹനത്തിന് പിന്നാലെ പോകുന്നത് . 

ഫ്ലാറ്റില്‍ നിന്ന് ഇവര്‍ നേരെ പോകുന്നത് അമ്പലമുക്കിലെ കൃഷ്ണകുമാറിന്റെ ഓഫീസിലേക്കാണ്. അവിടെ പക്ഷെ സിസിടിവിയില്ല. തട്ടിക്കൊണ്ട് പോകലിനൊപ്പം പണം തട്ടിയെടുത്തെന്ന പരാതിയിലുമാണ് അന്വേഷണം പുരോഗമിക്കുന്നത്. ജീവനക്കാരികള്‍ തട്ടിയെടുത്തത് 69 ലക്ഷം രൂപയാണെന്ന കൃഷ്ണകുമാറിന്റെ പരാതി പൊലീസ് അതേ പടി വിശ്വസിച്ചിട്ടില്ല. ദിയയുടെയും ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുകയാണ്. ഇതിന് ശേഷം എല്ലാവരുടേയും മൊഴി എടുത്താകും അന്തിമ നിഗമനത്തിലേക്കെത്തുക.

krishnakumar diya krishna case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES