Latest News

സംവിധാകനെ മുന്‍കൂട്ടി അറിയിക്കാതെ സ്വന്തം കൈയില്‍നിന്നിട്ട് അഭിനയിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല; അത് ഒരു കഴിവായിട്ടോ, ഒരു മിടുക്കായിട്ടോ ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല; ജഗതി ശ്രീകുമാറിന്റെ അഭിനയ രീതിയെ വിമര്‍ശിച്ച് ലാല്‍

Malayalilife
 സംവിധാകനെ മുന്‍കൂട്ടി അറിയിക്കാതെ സ്വന്തം കൈയില്‍നിന്നിട്ട് അഭിനയിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല; അത് ഒരു കഴിവായിട്ടോ, ഒരു മിടുക്കായിട്ടോ ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല; ജഗതി ശ്രീകുമാറിന്റെ അഭിനയ രീതിയെ വിമര്‍ശിച്ച് ലാല്‍

അഭിനയത്തില്‍ പകരം വെക്കാനില്ലാത്ത നടനായാണ് ജഗതി ശ്രീകുമാറിനെ മലയാള സിനിമാ ലോകം കണ്ടത്. തിരക്ക് നിറഞ്ഞ സിനിമാ ജീവിതമായിരുന്നു ജഗതിയുടേത്. വിവിധ സിനിമകളിലൂടെ മലയാളികള്‍ക്ക് ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുള്ള പലരും പറയുന്ന ഒരു കാര്യമാണ്, ഒരു സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ജഗതി പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗുകള്‍ പറയാറുണ്ട് എന്നത്. എന്നാലിപ്പോള്‍ ഇതിനെ വിമര്‍ശിക്കുകയാണ് സംവിധായകനും നടനുമായ ലാല്‍.

സംവിധായകനോട് മുന്‍കൂട്ടി പറയാതെ ഷോട്ടില്‍ കയ്യില്‍ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് ലാല്‍ പറയുന്നു.  സംവിധായകന്‍ ചെയ്യാന്‍ പറഞ്ഞേല്‍പ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ലാലിന്റെ നിരീക്ഷണം. ലാലിനെ അനുകൂലിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും നിരവധി പേര്‍ രംഗത്തെത്തി. 'കേരള ക്രൈം ഫയല്‍സ്' െവബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലാലിന്റെ വാക്കുകള്‍: ''അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും, ചില ചലനങ്ങള്‍ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ സംവിധായകന്‍ നിര്‍ബന്ധമായും പറയണം, ഒന്നുകില്‍ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്നു പറയണം അല്ലെങ്കില്‍ നന്നായിരുന്നു, അതുകൊണ്ട് ഓക്കെ എന്നു പറയണം. അതല്ലെങ്കില്‍ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം.  

അതല്ലാതെ അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. അത് ഏതു വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാള്‍ ഉപരിയായി കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. നമ്മള്‍ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോയിരിക്കുന്നത്. ഇയാള്‍ പറഞ്ഞു നിര്‍ത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെട്ടായിരിക്കും ചിലപ്പോള്‍ ഞാന്‍ ഡയലോഗ് പറയേണ്ടത്. ആ കണക്ഷന്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ നമുക്കത് പറയാന്‍ ബുദ്ധിമുട്ട് വരും.

ചിലപ്പോള്‍ നമ്മള്‍ പറഞ്ഞു ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കലാകും. അപ്പോ ദുര്‍ബലം ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും. ഇവിടെ ഒരാള്‍ അതിനൊപ്പം പരാജയപ്പെടും. അതുകൊണ്ട് അതൊട്ടും ശരിയായിട്ടുള്ള കാര്യമല്ല.  ഈ സ്വന്തമായി അല്ലെങ്കില്‍ സ്‌പൊണ്ടേനിയസ് ആയി ഇടുക എന്നു പറയുന്നത് ഒട്ടും നല്ല ലക്ഷണമല്ല.''ലാലിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്.
 

Read more topics: # ലാല്‍. ജഗതി
lal about jagathy sreekumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES