അച്ഛന്റെ മരണത്തെ തുടര്‍ന്ന് 63 വര്‍ഷം മുന്‍പ് പഠനം നിര്‍ത്തിയ നടി ലീനാ ആന്റണി 75-ാം വയസില്‍ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതി. മൂന്ന് വര്‍ഷം മുന്‍പ് പത്താംതരം തുല്യതാ പരീക്ഷ ലീന പാസായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ത്തല ഗവ. ഗേള്‍സ് സ്‌കൂളിലാണ് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ തുല്യതാ പരീക്ഷയെഴുതിയത്.
നാലുവര്‍ഷം മുന്‍പാണ് ലീന പഠനം പുനരാരംഭിച്ചത്. തുടര്‍ന്ന് 2022-ല്‍ പത്താംതരം തുല്യത ജയിച്ചിരുന്നു. തുടര്‍ന്നാണ് ഹയര്‍സെക്കന്‍ഡറി പഠനം തുടങ്ങിയത്. സൗകര്യമുള്ളപ്പോഴെല്ലാം തൃച്ചാറ്റുകുളം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍പ്പോയി പഠിച്ചു. പത്താംതരത്തില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ക്കൊപ്പമായിരുന്നു പഠനം. സെന്റര്‍ കോഡിനേറ്റര്‍ കെ കെ രമണി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
അപ്പന്‍ മരിച്ചതിനെത്തുടര്‍ന്ന് പഠനം നിര്‍ത്തി 13-ാം വയസ്സില്‍ നാടകവേദിയിലെത്തിയതാണ് ലീന. നടന്‍ കെ എല്‍ ആന്റണിയുടെ ജീവിതസഖിയായി. വൈകിയാണ് സിനിമയിലെത്തിയത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെ ശ്രദ്ധനേടി. പിന്നീട്, ഏതാനും സിനിമകളിലും അഭിനയിച്ചു. ഭര്‍ത്താവിന്റെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിനെ മറികടക്കാനാണ് മുടങ്ങിയ പഠനം പുനരാരംഭിച്ചത്.