ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1 ചന്ദ്ര മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം പുതുക്കാനൊരുങ്ങുന്നു. കല്യാണി പ്രിയദര്‍ശനും നസ്ലെനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റിലീസ് ചെയ്ത മൂന്നാം ആഴ്ചയിലും മികച്ച കളക്ഷനുമായി തിയേറ്ററുകളില്‍ തുടരുകയാണ്.
രണ്ടാം ആഴ്ചയില്‍ തന്നെ ചിത്രം തുടരും (2025), മഞ്ഞുമ്മല്‍ ബോയ്‌സ് (2024), എല്‍2: എമ്പുരാന്‍ (2025) എന്നിവയെ മറികടന്ന് ഉയര്‍ന്ന വരുമാനം നേടി. ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്‌നില്‍കിന്റെ കണക്കനുസരിച്ച്, ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രത്തിന് ഇതുവരെ 88.25 കോടി രൂപയുടെ കളക്ഷനാണ് ലഭിച്ചത്. 12-ാം ദിവസം ഇന്ത്യയില്‍ മാത്രം 5.75 കോടിയാണ് ചിത്രം നേടിയതെന്നും റിപ്പോര്‍ട്ടുണ്ട്.
രണ്ടാം ഞായറാഴ്ച 10.15 കോടി രൂപയാണ് ചിത്രം നേടിയത്. താരതമ്യേന, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും രണ്ടാം ആഴ്ചയില്‍ 4.85 കോടി രൂപ, ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് 4.5 കോടി രൂപ, പൃഥ്വിരാജിന്റെ എല്‍2: എമ്പുരാന്‍ 1.55 കോടി രൂപയാണ് ഇന്ത്യയില്‍ നേടി.
അടുത്ത ദിവസങ്ങളില്‍ വന്‍ റിലീസുകള്‍ ഇല്ലാത്തതിനാല്‍ ലോകയ്ക്ക് തിയേറ്ററുകളില്‍ മികച്ച മുന്നേറ്റം തുടരാന്‍ സാധ്യതയേറെയാണ്. ഇപ്പോള്‍ ലോകയോട് മത്സരിക്കുന്ന ഏക ചിത്രം സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഹൃദയപൂര്‍വം ആണ്. ആഗോള തലത്തില്‍ 61.1 കോടി രൂപ നേടിയ ചിത്രത്തിന് രണ്ടാം തിങ്കളാഴ്ച 1.34 കോടി രൂപയാണ് കളക്ഷന്‍ ഉണ്ടായത്.
ആഗോള ബോക്‌സ് ഓഫീസില്‍ ലോക ഇതിനോടകം 187.3 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുടരും (234.5 കോടി), മഞ്ഞുമ്മല്‍ ബോയ്‌സ് (240.5 കോടി), എല്‍2: എമ്പുരാന്‍ (265.5 കോടി) എന്നിവയാണ് നിലവിലെ മുന്‍നിര ചിത്രങ്ങള്‍. ഈ റെക്കോര്‍ഡുകള്‍ മറികടന്ന് ചരിത്രം തിരുത്താന്‍ ലോകയ്ക്ക് സാധ്യതയുണ്ടെന്ന് ട്രേഡ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.