തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലേക്ക് വന്ന അഭിനേതാക്കള്‍ക്ക് ഒരു കാലത്ത് കടുത്ത പരിഹാസങ്ങളും വിവേചനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി മധുബാല. 'യോദ്ധ' ഉള്‍പ്പെടെയുള്ള നിരവധി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മധുബാല, ബോളിവുഡില്‍ തന്റെ അനുഭവങ്ങള്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറയുകയായിരുന്നു.
സംസാരത്തിലെ തെന്നിന്ത്യന്‍ ശൈലി കാരണം കളിയാക്കലുകള്‍ നേരിടേണ്ടി വന്നിരുന്നെന്നും, ഇത് മറികടക്കാന്‍ ഹിന്ദി വളരെ ഒഴുക്കോടെ സംസാരിക്കാന്‍ ശ്രമിച്ചിരുന്നെന്നും മധുബാല ഓര്‍ത്തെടുത്തു. 'നമ്മളെല്ലാം ഇന്ത്യക്കാരല്ലേ, എന്തിനാണ് പരസ്പരം ഇങ്ങനെ കളിയാക്കുന്നത്? അന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്ങനെ ഇതിനെ നേരിടണമെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു' മധുബാല പറഞ്ഞു. തൊണ്ണൂറുകളില്‍ ബോളിവുഡില്‍ സജീവമായിരുന്ന മധുബാല, കുട്ടിക്കാലത്തും സമാനമായ അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി. 'ചെറുപ്പമായിരുന്നപ്പോള്‍ ഞാന്‍ ഈ 'തെന്നിന്ത്യന്‍' ടാഗിനെ ഭയന്നിരുന്നു. ആ പേടി കാരണം ഞാന്‍ ഉര്‍ദു പഠിക്കാന്‍ പോലും ശ്രമിച്ചു' മധുബാല കൂട്ടിച്ചേര്‍ത്തു
എന്നാല്‍, ഇന്ന് ഈ സാഹചര്യം മാറിയെന്നും, താന്‍ ഒരു തെന്നിന്ത്യക്കാരിയായതില്‍ അഭിമാനമുണ്ടെന്നും മധുബാല വ്യക്തമാക്കി. 'ഇന്ന് എനിക്ക് നാണക്കേട് തോന്നുന്നില്ല. എന്റെ സംസാരത്തില്‍ എന്തെങ്കിലും തെറ്റുവന്നാലോ തെന്നിന്ത്യന്‍ ചുവ വന്നാലോ ഞാന്‍ അതില്‍ അഭിമാനിക്കും. ഞാന്‍ തെന്നിന്ത്യക്കാരിയാണ്, ഹിന്ദി സംസാരിക്കും. എന്റെ ഹിന്ദി കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് എന്നെ ബാധിക്കില്ല' എന്നും മധുബാല പറയുന്നു.