'കീര്‍ത്തിചക്ര' സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി സംവിധായകന്‍ മേജര്‍ രവി. ആദ്യം സിനിമ ബിജു മേനോനെ നായകനാക്കി തുടങ്ങാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി അനുഭവം പങ്കുവെച്ചത്. ''രണ്ടായിരത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ 'കീര്‍ത്തിചക്ര'യുടെ കഥയുമായി നടക്കുന്നുണ്ടായിരുന്നു. ബിജു മേനോന്‍ കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. ബിജു അമേരിക്കയില്‍ നിന്ന് ഒരു പ്രൊഡ്യൂസറെ കൊണ്ടുവന്നു. കഥ പറയാന്‍ താജിലേക്ക് വിളിച്ചു. ഞാനും ബിജുവും എത്തിയപ്പോള്‍ അവിടെ മൂന്നുനാല് പേര് ഉണ്ടായിരുന്നു. ബെഡില്‍ ചീട്ട് വച്ചിട്ടുണ്ട്. ബിജു ചെന്നിരുന്ന പാടെ ഒരു പതിനായിരത്തിന്റെ കെട്ട് കൈമാറി കളിക്കാന്‍ തുടങ്ങി,'' മേജര്‍ രവി പറഞ്ഞു.
''ഞാന്‍ തിരക്കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവര്‍ കളിയില്‍ മുഴുകിയിരുന്നു. അഞ്ചു മിനിറ്റ് പറഞ്ഞ് തിരക്കഥ അടച്ചു. അവിടെ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പറയാന്‍ പറ്റില്ല. ഞാന്‍ ബിജുവിനോട് പറഞ്ഞു, ഇവര്‍ സിനിമ ചെയ്യില്ല, നിന്നെ ചീട്ട് കളിക്കാന്‍ വിളിച്ചതാണ്. അതിനുശേഷം രണ്ട് വര്‍ഷം വരെ തിരക്കഥ അടച്ചുവച്ചു. പിന്നീട് മോഹന്‍ലാലിനോട് കഥ പറഞ്ഞു. അപ്പോള്‍ത്തന്നെ ഡേറ്റും ലഭിച്ചു,'' അദ്ദേഹം വ്യക്തമാക്കി.
'കീര്‍ത്തിചക്ര'യില്‍ പരമ്പരാഗത സംവിധാന രീതികള്‍ പാലിച്ചിട്ടില്ലെന്നും സിനിമയിലെ എഡിറ്റിങ് വളരെ സൂക്ഷ്മമായാണ് നടത്തിയതെന്നും മേജര്‍ രവി പറഞ്ഞു. ''സിനിമയുടെ എഡിറ്റ് റിപ്പോര്‍ട്ട് എടുത്തുമുങ്ങിയാണ് അസോസിയേറ്റ് എനിക്ക് പണി തന്നത്. ഇത്രയും പ്രശ്‌നങ്ങള്‍ മറികടന്ന് ഒരുക്കിയ സിനിമയാണ് 'കീര്‍ത്തിചക്ര','' മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.