മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി. വാസുദേവന്‍ നായര്‍ വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. സാഹിത്യലോകത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ എം.ടിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. എം.ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, 'പ്രിയ ഗുരുനാഥന്‍ വിടപറഞ്ഞിട്ട് 1 വര്‍ഷം. എന്നും ഓര്‍മ്മകളില്‍...' എന്ന് മമ്മൂട്ടി കുറിച്ചു.
നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച എം.ടി. വാസുദേവന്‍ നായര്‍ ഒരു അതുല്യനായ പത്രാധിപന്‍ കൂടിയായിരുന്നു. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന 'നിര്‍മ്മാല്യം' ഉള്‍പ്പെടെ ആറ് സിനിമകളും രണ്ട് ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നാല് തവണയും, മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണയും, മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 11 തവണയും എം.ടി.ക്ക് ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിനും കലയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2005-ല്‍ രാജ്യം എം.ടി.യെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ജെ.സി. ഡാനിയേല്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയ നിരവധി ഉന്നത ബഹുമതികളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.