പത്മഭൂഷണ്‍ ബഹുമതി ഏറ്റുവാങ്ങിയ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെയും കുടുംബത്തെയും ചടങ്ങിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരില്‍ കണ്ടു. 'ഇന്ന് നടന്ന പത്മ പുരസ്‌കാര ചടങ്ങിന് ശേഷം പ്രശസ്ത നടന്‍ മമ്മൂട്ടിയെയും കുടുംബത്തെയും നേരില്‍ കണ്ടു' എന്ന് പ്രധാനമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഭാര്യ സുല്‍ഫത്ത്, മകള്‍ സുറുമി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മരുമകള്‍ അമാല്‍ സൂഫിയ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി പ്രധാനമന്ത്രിയെ കണ്ടത്.
രാഷ്ട്രപതി ഭവനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു മമ്മൂട്ടിക്ക് പുരസ്‌കാരം സമ്മാനിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാജ്യത്തെ ഉന്നത ബഹുമതികളാണ് ഇന്ന് വിതരണം ചെയ്തത്. കുടുംബസമേതം കഴിഞ്ഞ ദിവസം തന്നെ മമ്മൂട്ടി ഡല്‍ഹിയില്‍ എത്തിയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേളയില്‍ സദസ്സിലിരുന്ന മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൈയടിച്ചു സന്തോഷം പങ്കുവെക്കുന്ന കാഴ്ച കാണാമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ അഭിവാദ്യം ചെയ്തശേഷമാണ് മമ്മൂട്ടി വേദിയിലേക്ക് നടന്നത്. മമ്മൂട്ടിയുടെ സഹപ്രവര്‍ത്തകരായ എസ്. ജോര്‍ജ്, ആന്റോ ജോസഫ് എന്നിവരും ചടങ്ങിന് സാക്ഷികളായി. ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണന്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍ ബഹുമതികളും ചടങ്ങില്‍ സമ്മാനിച്ചു. മമ്മൂട്ടിക്കൊപ്പം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഗായിക അല്‍ക യാഗ്‌നിക് എന്നിവരും പദ്മഭൂഷണ്‍ ഏറ്റുവാങ്ങി.
1998-ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച മമ്മൂട്ടിയെ തേടി 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പദ്മഭൂഷണ്‍ എത്തുന്നത്. മികച്ച നടനുള്ള മൂന്നു ദേശീയ പുരസ്‌കാരങ്ങളും ഏഴു തവണ മികച്ച നടനുള്ളതടക്കം പത്തു സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച അതേദിവസമായിരുന്നു പദ്മഭൂഷണ്‍ പ്രഖ്യാപനമെന്നത് മറ്റൊരു കൗതുകം.
അഞ്ചു പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്ന മമ്മൂട്ടി, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും തന്റെ അഭിനയശേഷി തെളിയിച്ച ഇന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന നക്ഷത്രമാണ്. ഇന്നും പുതുതലമുറയുടെ പരീക്ഷണ ചിത്രങ്ങളില്‍പ്പോലും അഭിനയമികവ് കാഴ്ചവെച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ഈ അതുല്യ നടന്‍.