Latest News

നസീര്‍ സാര്‍ ദൈവ തുല്യന്‍; ആ പരാമര്‍ശം പിന്‍വലിച്ച് അവന്‍ മാപ്പു പറയണം; അല്ലങ്കില്‍ നസീര്‍ സാറിനെ ഇഷ്ടപ്പെടുന്നവര്‍ എതിര്‍ത്ത് കല്ലെറിയും; നിത്യ ഹരിത നായകനെതിരെ മണിയന്‍ പിള്ള രാജു ആരോടും ഒന്നും പറഞ്ഞിട്ടില്ല; മമ്മി സെഞ്ച്വറിയോട് അങ്ങനെ ടിനി ടോം പറഞ്ഞെങ്കില്‍ പച്ചക്കള്ളം; ടിനി ടോമിനെതിരെ വിമര്‍ശനം

Malayalilife
നസീര്‍ സാര്‍ ദൈവ തുല്യന്‍; ആ പരാമര്‍ശം പിന്‍വലിച്ച് അവന്‍ മാപ്പു പറയണം; അല്ലങ്കില്‍ നസീര്‍ സാറിനെ ഇഷ്ടപ്പെടുന്നവര്‍ എതിര്‍ത്ത് കല്ലെറിയും; നിത്യ ഹരിത നായകനെതിരെ മണിയന്‍ പിള്ള രാജു ആരോടും ഒന്നും പറഞ്ഞിട്ടില്ല; മമ്മി സെഞ്ച്വറിയോട് അങ്ങനെ ടിനി ടോം പറഞ്ഞെങ്കില്‍ പച്ചക്കള്ളം; ടിനി ടോമിനെതിരെ വിമര്‍ശനം

അനശ്വര നായകന്‍ പ്രേം നസീറിനെക്കുറിച്ച് കഴിഞ്ഞ ദിവസം ടിനി ടോം നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. പ്രേം നസീറിന്റെ താരത്തിളക്കം നഷ്ടപ്പെട്ട നാളുകളെക്കുറിച്ചാണ് ടിനി സംസാരിച്ചത്. നസീര്‍ സര്‍ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് പറയുന്നു. കാരണം അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂര്‍ക്കയുടെയും അടൂര്‍ ഭാസി സാറുടെയും വീട്ടില്‍ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് പറയുന്നുണ്ടെന്നാണ് ടിനി ടോം പറഞ്ഞത്. പരാമര്‍ശത്തില്‍ ടിനി ടോമിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു സംവിധായകന്‍ ആലപ്പി അഷ്റഫ്. ടിനിയുടെ വാദം തെറ്റാണെന്ന് ആലപ്പി അഷറഫ് പറഞ്ഞു. 

ഇതിനിടെ ഇതെല്ലാം മണിയന്‍ പിള്ള രാജുവാണ് തന്നോട് പറഞ്ഞതെന്ന് വിശദീകരിച്ച് തടി തപ്പാന്‍ ടിനു ടോം ശ്രമിക്കുകയാണെന്ന് ആലപ്പി അഷറഫ് ആരോപിക്കുന്നു. ഇക്കാര്യം മണിയന്‍ പിള്ള രാജുവിനോട് പറയുകയും ചെയ്യുന്നു. ഈ ഫോണ്‍ സംഭാഷണത്തില്‍ ടിനി ടോമിനെ കടന്നാക്രമിക്കുകയാണ് മണിയന്‍പിള്ള രാജു. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ടിനി ടോമിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നസീറിന്റെ ആരാധകര്‍ നിയമ നടപടിക്കും ഒരുങ്ങുന്നു. ഇതിനിടെയാണ് തടിതപ്പാന്‍ എല്ലാം മണിയന്‍ പിള്ള രാജുവിന്റെ തലയില്‍ ടിനി ടോം കൊണ്ടു വയ്ക്കുന്നത്. 

മമ്മി സെഞ്ച്വറിയോട് ടിനു ടോം പറഞ്ഞത് എല്ലാം മണിയന്‍ പിള്ള രാജു തന്നോട് പറഞ്ഞത് എന്നാണ്. ഇതേ കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് മണിയന്‍ പിള്ള രാജുവിനോട് ആലപ്പി അഷറഫിന്റെ ചോദ്യം. ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ടില്ല. ഞാന്‍ നസീര്‍ സാറിനൊപ്പം പത്തോ പതിനഞ്ചോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നസീര്‍ സാറിനെ പോലെ ദൈവ തുല്യനെ ഞാന്‍ കണ്ടില്ല. ടിനി ടോം പലതും പറഞ്ഞ് മുമ്പും വിവാദങ്ങളില്‍ ചെന്നു പെട്ടു. എന്തിനാണ് ഇത്രയും മഹാനായ ആളിനെ കുറിച്ച് ഇങ്ങനെ മോശം പറഞ്ഞു. ആയാള്‍ക്ക് ഭ്രാന്താണെന്ന് തോന്നുന്നു. മരിച്ച് പോയ ആളാണ്. ഇത്രയും ദൈവ തുല്യന്‍. നസീര്‍ സാറിന്റെ റിക്കോര്‍ഡാണ് ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ചത്. നസീര്‍ സാറിനെ കുറിച്ച് എതിരായതൊന്നും പറയാനാകില്ല. നസീര്‍ സാറിനെ ഇഷ്ടപ്പെടുന്നവര്‍ എതിര്‍ത്ത് കല്ലെറിയും. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. കടുത്ത അപരാധമാണ് ചെയ്യുന്നത്. എത്രയോ റൈറ്റപ്പുകള്‍ എന്റേതായി നസീര്‍ സാറിന് അനുകൂലമായി വന്നിട്ടുണ്ട്. രണ്ട് പടം വന്നാല്‍ പരിസരം മറക്കും ഇവനൊക്കെ. അത് ചെയ്യാന്‍ പാടില്ല-ഇതാണ് മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം. ഇതോടെ മണിയന്‍ പിള്ള രാജുവും ടിനു ടോമുമായി അങ്ങനെയൊരു സംഭാഷണം നടന്നില്ലെന്ന് വ്യക്തമാകുകയാണ്. എന്നും നസീറിനെ അംഗീകരിച്ച വ്യക്തിയാണ് മണിയന്‍പിള്ളരാജു. പലപ്പോഴും പല അഭിമുഖത്തിലും ഇത് മണിയന്‍ പിള്ള രാജു പറഞ്ഞിട്ടുമുണ്ട്. 

നേരത്തെ വളരെ രൂക്ഷമായ ഭാഷയിലാണ് ടിനി ടോമിനെ ആലപ്പി അഷറഫ് വിമര്‍ശിച്ചത്. മിമിക്രി പോലും നേരെ ചൊവ്വെ മര്യാദയ്ക്ക് ചെയ്യാനറിയാത്തവനാണ് ടിനി ടോം. ഏത് നടന്റെ ശബ്ദമെടുത്താലും സ്വന്തം ശബ്ദമാണ് പുറത്തേക്ക് വരുന്നത്. മണിയടി കൊണ്ടും സോപ്പിടല്‍ കൊണ്ടും ഉപജീവനം കൊണ്ടും സോപ്പിടല്‍ നടത്തുന്ന നടനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന, സൂപ്പര്‍ സംവിധായകര്‍ മുതല്‍ ഇന്ന് കടന്ന് വരുന്ന പുതുമുഖ സംവിധായകര്‍ വരെ ഗുരുതുല്യനായി കാണുന്ന നടനാണ് പ്രേം നസീര്‍. നസീര്‍ സര്‍ ആരാണെന്ന് ഈ തള്ളല്‍ വീരന്‍ ഇന്നും മനസിലാക്കിയിട്ടില്ല. നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും പാഠ പുസ്തകമാണ്. താനാദ്യം അദ്ദേഹത്തിന്റെ ജീവചരിത്രമെടുത്ത് വായിച്ച് പഠിക്കൂ. എത്ര നീചമായ, വൃത്തികെട്ട വാക്കുകള്‍ ഉപയോഗിച്ചാണ് ആ വലിയ മനുഷ്യനെ അപമാനിച്ചത്. അദ്ദേഹത്തെ സ്നേഹിക്കുന്ന കലാ സ്നേഹികള്‍ക്കും അദ്ദേഹത്തിന്റെ പേരില്‍ നടത്തുന്ന കലാസാംസ്‌കാരിക സംഘടനകള്‍ക്കും ഏറ്റ അപമാനമാണ്. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ചാര്‍ജെടുത്തപ്പോള്‍ മണിയടിച്ച് അടുത്ത് കൂടി തക്കം കിട്ടിയപ്പോള്‍ സുരേഷ് ഗോപിക്കും ഇട്ടൊന്ന് താങ്ങി. അതില്‍ സുരേഷ് ഗോപിയുടെ ആരാധകര്‍ പ്രതിഷേധമുയര്‍ത്തിയതും ഈയിടെയാണല്ലോ. പ്രേം നസീര്‍ ഫൗണ്ടേഷന്റെ ഭാരവാഹികള്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് എന്നെ വിളിച്ച് അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേരളത്തില്‍ പ്രേം നസീറിന്റെ പേരിലുള്ള പല സാംസ്‌കാരിക സംഘടനകളും നിയമനടപടികളിലേക്ക് പോകുമെന്നും അവരെന്നെ അറിയിച്ചു-ആലപ്പി അഷറഫ് വിശദീകരിച്ചത് ഇങ്ങനെയാണ്. 

നസീര്‍ സാറിനെ മോശമായി പരാമര്‍ശിച്ചവന് അമേരിക്കയില്‍ വെച്ച് ചെവിക്കല്ലിന് അടി കൊടുത്തവനാണ് മലയാളത്തിലെ സീനിയര്‍ നിര്‍മാതാവായ ജി സുരേഷ് കുമാര്‍. ഇയാള്‍ പറയുന്നു അമ്മ സംഘടനയില്‍ ഏഴ് വര്‍ഷം എക്സിക്യൂട്ടീവ് അംഗമായി ഇരുന്നിട്ടുണ്ടെന്ന്. അതിന്റെ ഫലമാണ് ഇന്ന് അമ്മ സംഘടന അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും ആലപ്പി അഷ്റഫ് തുറന്നടിച്ചു. നസീര്‍ സര്‍ അസുഖ ബാധിതനായി കിടക്കുന്നത് വരെയും അദ്ദേഹത്തിന് ആവശ്യത്തിലികം ചിത്രമുണ്ടായിരുന്നു. അന്ന് ഭരിച്ചിരുന്ന ഗവണ്‍മെന്റ് ഗവര്‍ണര്‍ സ്ഥാനമോ അംബാസിഡര്‍ സ്ഥാനമോ നസീര്‍ സാറിന് നല്‍കാന്‍ തയ്യാറായിരുന്നു. അദ്ദേഹമാണ് അത് വേണ്ടെന്ന് പറഞ്ഞതെന്നും ആലപ്പി അഷ്റഫ് തുറന്നടിച്ചു. പ്രേം നസീറിനെക്കുറിച്ച് ഇതെല്ലാം മനസിലാക്കിയിട്ട് തനിക്കെന്ത് കാര്യം, ഇനിയൊരു ഗുണവും ടിനി ടോമിന് അദ്ദേഹത്തെക്കാെണ്ടില്ലല്ലോയെന്നും ആലപ്പി അഷ്റഫ് തുറന്നടിച്ചു. കഴിഞ്ഞ ദിവസം സംവിധായകന്‍ എംഎ നിഷാദും പരാമര്‍ശത്തില്‍ ടിനി ടോമിനെ വിമര്‍ശിച്ചിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല. ശ്രീ പ്രേംനസീര്‍ അദ്ദേഹത്തിന്റ്റെ മരണം വരെ ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല. പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. അതിനുളള സാമ്പത്തിക ഭദ്രതെയും അദ്ദേഹത്തിനുണ്ടായിരുന്നു. അത് കൊണ്ട് മിസ്റ്റര്‍ ടിം ടോം വിട്ട് പിടി. വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കള്‍ അവസാനിപ്പിക്കുക. അമ്പിളി അമ്മാവനെ നോക്കി ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്. ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കള്‍ വായ പൂട്ടുന്നതായിരിക്കും ഉചിതം എന്നാണ് എംഎ നിഷാദ് പങ്കുവെച്ച ദീര്‍ഘമായ കുറിപ്പില്‍ പറയുന്നത്. 

എംഎ നിഷാദിന്റെ കുറിപ്പ് ദൈനംദിന ജീവിതത്തില്‍ നാം പലതരം ആളുകളെ കാണാറുണ്ട്, പരിചയപ്പെടാറുണ്ട്. അവരില്‍ ബുദ്ധിയുളളവരുണ്ട്, വിവരമുളളവരുണ്ട്, മര്യാദക്കാരും, മര്യാദകെട്ടവരുമുണ്ട്. പക്ഷെ പബ്‌ളിസിററിക്ക് വേണ്ടി വെര്‍ബല്‍ ഡയറിയ അഥവാ ശുദ്ധ ഭോഷ്‌ക്ക് വിളിച്ച് പറയുന്ന വിവരദോഷികളായവരുമുണ്ട്. അത്തരം ഒരു മാന്യദേഹമാണ് ടിനി ടോം എന്ന മിമിക്രി, സ്‌കിററ്, സിനിമാപ്രവര്‍ത്തകന്‍. പ്രേംനസീര്‍ ആരാണെന്ന് അയാള്‍ക്കിന്നും മനസ്സിലായിട്ടില്ല മലയാള സിനിമയിലെ നിത്യ വസന്തം ശ്രീ പ്രേംനസീറിനെ പറ്റി ടിം ടോം പറഞ്ഞ വാക്കുകളാണ്, ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ശ്രീ പ്രേംനസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും,അദ്ദേഹത്തിന്ററെ ബന്ധു എന്ന നിലയിലും, ടിം ടോമിന് മറുപടി കൊടുക്കേണ്ടത് ഒരത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. മുപ്പത്തിരണ്ട് വര്‍ഷത്തോളം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന പ്രേംനസീറിന് ടിം ടോം പറയുന്നത് പോലെ ഒരു ഗതികേടും സംഭവിച്ചിട്ടില്ല. മുഖം മിനുക്കാന്‍ മേക്കപ്പ് ഇട്ട നടക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല. അടിമുടി സുന്ദരനായ നസീര്‍ സാറിന് ടിം ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടിയും വന്നിട്ടില്ല. 1986ല്‍ അദ്ദേഹത്തിന് സിനിമയില്‍ തിരക്ക് കുറഞ്ഞു എന്നുളളത് ഒരു യാഥാര്‍ത്ഥ്യമാണ് ,പക്ഷെ ആ സമയം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. പൊതുപ്രവര്‍ത്തനത്തിന്റ്‌റെ തിരക്കുകളിലും,നാഷണല്‍ ഫിലിം,അവാര്‍ഡ് കമ്മിറ്റി ജൂറി ചെയര്‍മാനായിരുന്നു ശ്രീ നസീര്‍. സുഹാസിനിക്ക് സിന്ദുഭൈരവി എന്ന ചിത്രത്തിന് മികച്ച നടിക്കുളള അവാര്‍ഡും, മലയാളത്തിന്ററെ ഭാവ ഗായകന്‍ പി ജയചന്ദ്രന് ആദ്യമായിട്ട് മികച്ച ഗായകനുളള അവാര്‍ഡ് ലഭിച്ചതും നസീര്‍ സാര്‍ ജൂറീ ചെയര്‍മാനായി ഇരുന്നപ്പോളാണ് (അടുര്‍ഭാസിയുടേയും, ബഹദൂറിന്റ്‌റേയും വീട്ടില്‍ പോയിയിരുന്ന് കരയാന്‍ അദ്ദേഹത്തിന് നേരമില്ലായിരുന്നു എന്ന് സാരം. ടിം ടോം നോട്ട് ചെയ്യുമല്ലോ) 1987-ല്‍ ലോക പര്യടനത്തിന് പോയ ശ്രീ പ്രേംനസീര്‍ തിരിച്ച് വന്ന് അഭിനയിച്ച പടമാണ് എ ടി അബു സംവിധാനം ചെയ്ത ''ധ്വനി'' 1987-ല്‍ റിലീസായ ചിത്രം നല്ല വിജയം നേടിയ ചിത്രമാണ്. പ്രശസ്ത സംഗീത സംവിധായകന്‍ നൗഷാദ് ആദ്യമായി മലയാള സിനിമയില്‍ സംഗീതം നിര്‍വ്വഹിച്ച സിനിമയെന്ന പ്രത്യേകതയും ധ്വനി എന്ന ചിത്രത്തിന് സ്വന്തം. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല. ശ്രീ പ്രേംനസീര്‍ അദ്ദേഹത്തിന്റ്‌റെ മരണം വരെ ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല. പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. അതിനുളള സാമ്പത്തിക ഭദ്രതെയും അദ്ദേഹത്തിനുണ്ടായിരുന്നു. അത് കൊണ്ട് മിസ്റ്റര്‍ ടിം ടോം വിട്ട് പിടി. വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കള്‍ അവസാനിപ്പിക്കുക. അമ്പിളി അമ്മാവനെ നോക്കി ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്. ചീപ്പ് പബ്‌ളിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കള്‍ വായ പൂട്ടുന്നതായിരിക്കും ഉചിതം. ഇംഗ്‌ളീഷില്‍ ഷട്ട് അപ്പ് എന്ന് പറയും.
 

Read more topics: # ടിനി ടോം
maniyanpillai raju against tini tom

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES