ഒരു പരിപാടിയില്‍ ടിനി ടോം പാടിയ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമല്‍ നീരദ് ചിത്രം 'ബൊഗെയ്ന്‍വില്ല'യിലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'സ്തുതി' എന്ന ഗാനം ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഓര്‍ക്കസ്ട്രയോടൊപ്പം അതീവ ആത്മവിശ്വാസത്തോടെ പാടുകയും ചുവടുവെക്കുകയും ചെയ്‌തെങ്കിലും, ടിനിയുടെ പ്രകടനം ആരാധകര്‍ക്ക് അത്ര രസിച്ചില്ല എന്നതാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്.
ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം എല്ലാം മറന്ന് സ്തുതി ?ഗാനം പാടുന്ന ടിനി ടോമിനെ വീഡിയോയില്‍ കാണാം. ഒപ്പം നൃത്തം വയ്ക്കുകയും ചെയ്യുന്നുണ്ട്. വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ പിന്തുണയ്ക്ക് പകരം ട്രോളുകളാണ് ടിനിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പാടുന്നത് എന്താണെന്ന് മനസിലാകാത്തതാണ് ട്രോളുകള്‍ക്ക് പ്രധാന കാരണമെന്നാണ് കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്. 'ഇത് കേട്ടിട്ട് ഞങ്ങള്‍ക്ക് ശ്വാസം മുട്ടി, സബ് ടൈറ്റില്‍ ഉണ്ടോ അണ്ണാ, ബാധ ഒഴിപ്പിക്കല്‍ ആണോ, മരണം വരെ ഓര്‍ത്തില്ലെങ്കിലും ഒരാഴ്ചത്തേക്കുള്ളത് ഉണ്ട്, സ്വയം കോമാളി ആവാനും വേണം ഒരു ധൈര്യം, എടാ സുഷിനെ ഇത് വല്ലതും നീ കേള്‍ക്കുന്നുണ്ടോ', എന്നിങ്ങനെ പോകുന്നു പരിഹാസ കമന്റുകള്‍.
2024-ല്‍ പുറത്തിറങ്ങിയ 'ബൊഗെയ്ന്‍വില്ല'യിലെ ഈ ഗാനം സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയത്. പക്കാ ഇന്റര്‍നാഷണല്‍ ക്വാളിറ്റിയില്‍ പുറത്തിറങ്ങിയ പാട്ടിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതായിരുന്നു. മുന്‍പും ടിനി ടോം പാടിയ പാട്ടുകള്‍ ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ടെങ്കിലും, പുതിയ വീഡിയോ ഒരു ആഴ്ചത്തേക്കുള്ള ട്രോള്‍ വിഭവങ്ങള്‍ നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.