മമ്മൂട്ടി നായകനായെത്തിയ 'ഭ്രമയുഗം' എന്ന സിനിമ കണ്ടപ്പോള്‍ തനിക്ക് അസൂയ തോന്നിയെന്നും, ചിത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ഓര്‍ത്ത് നാല് ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും സംവിധായകന്‍ മാരി സെല്‍വരാജ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്റ് വൈറ്റില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിന് പുറത്തും വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാരി സെല്‍വരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഭ്രമയുഗം കണ്ട് ഭയങ്കരമായി അസൂയ തോന്നി. അസൂയയെന്നാല്‍ രാത്രി ഉറക്കമേ വന്നില്ല. ആ വിഷ്വലുകള്‍ താങ്ങാന്‍ സാധിച്ചില്ല. ഏറെനാള്‍ മനസ്സില്‍ തങ്ങിനിന്നു. നമ്മള്‍ പാട്ടിലും മറ്റും ചെറിയ ഭാഗം ബ്ലാക്ക് ആന്റ് വൈറ്റില്‍ കണ്ടിട്ടുണ്ട്, പക്ഷെ ഒരു സിനിമ മുഴുവനും ബ്ലാക്ക് ആന്റ് വൈറ്റില്‍ സംവിധായകന്‍ എടുക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നത് എന്തൊരു അനുഭവമായിരിക്കും,' അദ്ദേഹം പറഞ്ഞു. 'ഭ്രമയുഗം' മമ്മൂട്ടിയുടെ വില്ലന്‍ വേഷത്തിലെ അഭിനയത്തിന് വലിയ കയ്യടി നേടിയിരുന്നു.
സിദ്ധാര്‍ത്ഥ് ഭരതനും അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അതേസമയം, 'പരിയേറും പെരുമാള്‍', 'കര്‍ണ്ണന്‍', 'മാമന്നന്‍', 'വാഴൈ' തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് മാരി സെല്‍വരാജ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം 'ബൈസണ്‍' ഒക്ടോബര്‍ 17-ന് റിലീസ് ചെയ്യും. ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക.