ദീപാവലി റിലീസായി പ്രേക്ഷകശ്രദ്ധ നേടിയ മാരി സെല്‍വരാജ് ചിത്രമായ ബൈസണ്‍ കാലമാടന് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തിയറ്റര്‍ സന്ദര്‍ശനത്തിനിടെ സംസാരിക്കവെ, പ്രേക്ഷകരില്‍ ചിലര്‍ മദ്യലഹരിയിലായി ബഹളം വയ്ക്കുന്നത് സംവിധായകന്‍ ശ്രദ്ധിച്ചു. അതിനെത്തുടര്‍ന്ന് മാരി സെല്‍വരാജ് വേദിയില്‍ തന്നെ പ്രതികരിച്ചു. ''ഞാന്‍ നിങ്ങള്‍ക്ക് ചാരായം തന്നതല്ല, സിനിമ തന്നതാണ്. അത് ഒരു പുസ്തകമായി കാണണം. നിങ്ങള്‍ അത് പഠിക്കേണ്ടതാണ്. മദ്യം കുടിച്ചതു പോലെ പെരുമാറരുത്,'' എന്നാണ് മാരിയുടെ മുന്നറിയിപ്പ്.
സിനിമയെക്കുറിച്ച് സംസാരിക്കാനെത്തിയപ്പോഴുണ്ടായ ഈ പ്രതികരണം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ സിനിമകള്‍ സമൂഹസന്ദേശങ്ങള്‍ അടങ്ങിയവയാണെന്നും, വിനോദമാത്രമല്ല ചിന്തയെയും ഉണര്‍ത്തേണ്ടതാണെന്നും മാരി വ്യക്തമാക്കുകയായിരുന്നു. ധ്രുവ് വിക്രം നായകനായ ബൈസണ്‍ കാലമാടന്‍ മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. ധ്രുവിന്റെ പ്രകടനവും പശുപതിയുടെ വേഷനിര്‍വഹണവും പ്രത്യേകിച്ച് പ്രശംസിക്കപ്പെടുന്നു. മാരി സെല്‍വരാജിന്റെ മുന്‍ ചിത്രങ്ങളിലെ പോലെ ശക്തമായ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളാണ് ഈ ചിത്രത്തിലും ഉന്നയിച്ചിരിക്കുന്നത്.
പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസും അപ്ലോസ് എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനുപമ പരമേശ്വരന്‍, ലാല്‍, രജിഷ വിജയന്‍, കലൈയരശന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സിനിമ പ്രേക്ഷകശ്രദ്ധയോടെ മുന്നേറുമ്പോള്‍, സംവിധായകന്റെ വേദിപ്രതികരണം 'ബൈസണ്‍ കാലമാടന്‍' ചര്‍ച്ചകളില്‍ പുതിയ കോണുകള്‍ തുറന്നിരിക്കുകയാണ്.