തീയേറ്ററുകളില്‍ തരംഗം തീര്‍ത്ത സിനിമയായിരുന്നു ആവേശം. കഴിഞ്ഞ വര്‍ഷം വിഷു റിലീസായി എത്തിയ ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ചിത്രത്തിലെ വില്ലനായ കുട്ടി എന്ന കുട്ടേട്ടനെ പ്രേക്ഷകര്‍ മറന്നിട്ടില്ല. ഇപ്പോഴിതാ, ആ കുട്ടേട്ടന്‍ വിവാഹിതനായിരിക്കുകയാണ്. പാര്‍വതി എന്ന പെണ്‍കുട്ടിയെയാണ് നടന്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നുവെന്നാണ് വിവരം. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹത്തില്‍ പാര്‍വതിയുടെ അച്ഛനാണ് മകളെ നടന് കൈപിടിച്ചേല്‍പ്പിച്ചത്.
സോഷ്യല്‍ മീഡിയ വഴി പരിചയപെട്ടാണ് പാര്‍വതിയും മിഥുനും സൗഹൃദത്തില്‍ ആകുന്നത്. ആവേശം സിനിമക്ക് മുന്‍പേ തുടങ്ങിയ പരിചയം.കവിത കുറിക്കുന്ന പാര്‍വതിയെ അഭിനന്ദിക്കാന്‍ വേണ്ടി തുടങ്ങിയ ചാറ്റ് പിന്നീട് ജീവിത സഖി ആയി വഴി കാട്ടിയായി പാര്‍വതി മാറുമെന്ന് മിഥുന്‍ കരുതിയില്ല. ഒരു കവിതയിലൂടെ ഇഷ്ടപെട്ടതാണ്. അത് വളരെ ടച്ച് ചെയ്തു. രണ്ടുവര്‍ഷം മുന്‍പേയുള്ള ഇഷ്ടമാണ് വിവാഹത്തിലേക്ക് എത്തിയത്.
മിഥുന്‍ സുരേഷ് അല്ലെങ്കില്‍ മിഥൂട്ടി എന്നാണ് നടന്റെ യഥാര്‍ത്ഥ പേര്. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ മിഥുന്‍ വിവാഹം കഴിച്ച പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിനിയാണ്. രങ്കന്റെ പിള്ളേരെ വിറപ്പിക്കുന്ന കോളേജിലെ സീനിയര്‍ കുട്ടേട്ടനായി ശ്രദ്ധേയമായ അഭിനയമാണ് മിഥുന്‍ കാഴ്ച വച്ചത്. ടിക് ടോക് റീല്‍സ് സ്റ്റാറായിരുന്ന മിഥുന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. നാളുകളായി മോജിലും ജോഷിലും റീല്‍സിലും ഒക്കെയായി സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതന്‍ ആണ് മിഥുന്‍. കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ആവേശത്തിലെത്തി ചിരിയുടെ മാലപ്പടക്കം തീര്‍ത്ത മിഥുന്‍ 'കുട്ടി'യായി ജീവിക്കുക ആയിരുന്നു. അത്രത്തോളം ആ കഥാപാത്രത്തെ മനോഹരമാക്കാന്‍ മിഥുന് സാധിച്ചിരുന്നു.
അഭിനയത്തിലേക്ക് എത്തും മുന്നേ മിഥുന്‍ ഗ്രാഫിക് ഡിസൈനിങ്, അഡ്വര്‍ടൈസിങ് എന്നീ രംഗങ്ങളില്‍ ജോലി ചെയ്യവെയാണ് ആവേശത്തിലെത്തിയത്. വില്ലനായി തകര്‍ത്താടിയ മിഥുന് വില്ലത്തരം മാത്രമല്ല, കോമഡിയും അനായാസമായി വഴങ്ങും എന്നതിന് ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയാ പേജില്‍ തന്നെയുണ്ട്. ഒരിക്കല്‍ മിഥുന്റെ ഒരു പഴയകാല റീല്‍ വൈറലാവുകയും ചെയ്തിരുന്നു. രസകരമായ കമന്റുകളായിരുന്നു അന്ന് ആ വീഡിയോയ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ റീല്‍സുകള്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് മിഥുന്് അഭിനയിക്കാനുള്ള ആത്മവിശ്വാസം വന്നു തുടങ്ങിയത്. അപ്പോഴാണ് ആളുകള്‍ തിരിച്ചറിഞ്ഞും തുടങ്ങിയത്. റീല്‍സ് ചെയ്യുമ്പോള്‍ ഏറ്റവും വലിയ പിന്തുണയുമായി കൂടെ നിന്നത് അമ്മയാണ്. അമ്മ പ്രചോദനമാണ് മിഥുനെ സിനിമയിലേക്ക് എത്തിച്ചത്.
അമ്മയാണ് മിഥൂട്ടി എന്ന പേരും വിളിച്ചു തുടങ്ങിയത്. റീല്‍സ് കണ്ടാണ് ആവേശത്തിന്റെ സംവിധായകന്‍ ജിത്തു മാധവന്‍ മിഥുനെ ബന്ധപ്പെട്ടത്. അങ്ങനെ ഓഡിഷനും സ്‌ക്രീന്‍ ടെസ്റ്റും എല്ലാം കഴിഞ്ഞപ്പോഴാണ് ഫഹദ് ഫാസില്‍ ചിത്രമാണെന്ന് അറിഞ്ഞത്. അച്ഛനും അമ്മയും രണ്ട് അനിയന്മാരും അടങ്ങുന്നതാണ് മിഥുന്റെ കുടുംബം.