ഇന്നലെ രാത്രിയോടെ മോഹന്‍ലാലിന്റെ പേജിലെത്തിയ വീഡിയോ ആണ് സോഷ്യലിടത്തില്‍ പുതിയ ചര്‍ച്ച.മലയാളം സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റര്‍ വിജയങ്ങളില്‍ ഒന്നായി മാറിയ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' എന്ന ചിത്രത്തിന് ശേഷം ജോര്‍ജ് സാറും ബെന്‍സും ഒരുമിച്ചെത്തിയ ഒരു പരസ്യമാണ് മോഹന്‍ലാല്‍ ഇന്നലെ പുറത്തിറക്കിയത്.
പ്രകാശ് വര്‍മ്മയുടെ സംവിധാനത്തില്‍ നിര്‍വാണ പ്രൊഡക്ഷന്‍സ് നിര്‍മിച്ച വിന്‍സ്‌മേര ജുവല്‍സിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ആണ് അഭിനയിച്ചിരിക്കുന്നത്. സ്‌ത്രൈണ ഭാവത്തില്‍ മോഹന്‍ലാല്‍ എത്തിയ ഈ പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് പരസ്യത്തിന് എല്ലാ കോണില്‍ നിന്നും ലഭിക്കുന്നത്.
ഫേസ്ബുക്കില്‍ പരസ്യം പങ്കുവെച്ച് കൊണ്ട് മോഹന്‍ ലാലും വിന്‍സ്‌മേര ജുവല്‍സിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. 'നിര്‍വാണ ഫിലിംസിന്റെയും വിന്‍സ്‌മേര ജുവല്‍സിന്റെയും സംവിധായകന്‍ പ്രകാശ് വര്‍മ്മയുമായുള്ള രസകരമായ ഒരു സഹകരണം ഇതാ. കേരളത്തിലും മിഡില്‍ ഈസ്റ്റിലും വിന്‍സ്‌മേര ജുവല്‍സിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു,' മോഹന്‍ലാല്‍ പറഞ്ഞു.
നിരവധി ആരാധകരാണ് വീഡിയോയില്‍ കമന്റുമായെത്തുന്നത്. 'പാളിപ്പോകേണ്ടിയിരുന്ന ഐറ്റം അങ്ങ് മേളില്‍ കൊണ്ടുവച്ചു' എന്നാണ് ഒരാള്‍ വീഡിയോയില്‍ കുറിച്ചത്. 'ഈ പരസ്യത്തിലേതു പോലെ സുന്ദരമായ മറ്റൊരു ലാല്‍ ഭാവവും അടുത്തൊന്നും കണ്ടിട്ടില്ല. എന്തൊരു ഭംഗിയും ഭാവവുമാണ്. വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന മറ്റൊരു പരസ്യവും അടുത്ത് കണ്ടിട്ടില്ല', 'എന്താ മോനെ... സ്വല്പം ശൃംഗാരം ആയാലോ', 'എളുപ്പം കൈവിട്ട് പോവാനും ട്രോള്‍ വരാനും സാധ്യത ഉള്ളതാ, പക്ഷെ ലാലേട്ടന്‍ ഇത് കിടു ആയി ചെയ്തു' എന്നിങ്ങനെയാണ് യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലെ കമന്റുകള്‍