'ഏറ്റവും അര്‍ഹമായ അംഗീകാരം; വലിയ ആരാധകനാണെന്ന് കുറിച്ച് ബച്ചന്‍; ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്ന് രാം ഗോപാല്‍ വര്‍മ്മ; മലയാളികള്‍ക്ക് അഭിമാനമായി ചേര്‍ത്തുനിര്‍ത്താന്‍ കഴിയുന്ന വ്യക്തിത്വമെന്ന് മഞ്ജു; കിരീടം ശരിക്കും നിനക്ക് അര്‍ഹതപ്പെട്ടതാണെന്ന് മമ്മൂക്ക; പ്രിയ നടന് ആശംസകളുമായി സിനിമാ ലോകം

Malayalilife
 'ഏറ്റവും അര്‍ഹമായ അംഗീകാരം; വലിയ ആരാധകനാണെന്ന് കുറിച്ച് ബച്ചന്‍; ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്ന് രാം ഗോപാല്‍ വര്‍മ്മ; മലയാളികള്‍ക്ക് അഭിമാനമായി ചേര്‍ത്തുനിര്‍ത്താന്‍ കഴിയുന്ന വ്യക്തിത്വമെന്ന് മഞ്ജു; കിരീടം ശരിക്കും നിനക്ക് അര്‍ഹതപ്പെട്ടതാണെന്ന് മമ്മൂക്ക; പ്രിയ നടന് ആശംസകളുമായി സിനിമാ ലോകം

മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാലിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചുവെന്ന വിവരം ഏറെ സന്തോഷത്തോടെയാണ് സിനിമാലോകം സ്വീകരിച്ചത്. നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തി.

ആശംസകളുമായി അമിതാഭ് ബച്ചന്‍ അടക്കം നിരവധി പേരാണ് പങ്ക് വച്ചത്. മോഹന്‍ലാലിന് ലഭിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്നും താന്‍ അദ്ദേഹത്തിന്റെ അഭിനയത്തെയും വികാരപ്രകടങ്ങളെയും എപ്പോഴും ആരാധിച്ചിട്ടുണ്ടെന്നും ബച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നിങ്ങള്‍ക്ക് ലഭിച്ചതില്‍ മോഹന്‍ലാല്‍ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു - ഏറ്റവും അര്‍ഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങള്‍. നിങ്ങളുടെ പ്രവൃത്തിയുടെ വലിയ ആരാധകനാണ് ഞാന്‍. ഏറ്റവും പ്രകടമായ ചില വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകള്‍ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങള്‍ക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാന്‍ എപ്പോഴും ഒരു സമര്‍പ്പിത ആരാധകനായി തുടരുന്നു. നമസ്‌കാര്‍' -എന്നാണ് അമിതാഭ് ബച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

2023-ലെ പുരസ്‌കാരമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനോടകം പല തലമുറകളായി മലയാളികളുടെ പ്രിയ താരമായ മോഹന്‍ലാലിന് സഹപ്രവര്‍ത്തകനും സഹോദരനുമായ മമ്മൂട്ടിയും ഹൃദ്യമായ ആശംസകളറിയിച്ചു. 'പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമാ യാത്ര ആരംഭിച്ച സഹപ്രവര്‍ത്തകനും സഹോദരനും കലാകാരനുമാണ് ലാല്‍. ഫാല്‍കെ അവാര്‍ഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്ത ഒരു യഥാര്‍ഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓര്‍ത്ത് വളരെ സന്തോഷവും അഭിമാനവുമുണ്ട് ലാല്‍... ഈ കിരീടത്തിന് നിങ്ങള്‍ ശരിക്കും അര്‍ഹനാണ്,' മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 

മോഹന്‍ലാലിന്റെ നേട്ടത്തില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മഞ്ജു പ്രതികരിച്ചു. മലയാളികള്‍ക്ക് അഭിമാനമായി എന്നും ചേര്‍ത്തുനിര്‍ത്താന്‍ കഴിയുന്ന വ്യക്തിത്വമാണ് മോഹന്‍ലാലെന്നും, ഈ പുരസ്‌കാരം തികച്ചും അര്‍ഹതപ്പെട്ടതാണെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയെ സ്‌നേഹിക്കുന്ന ഏതൊരു മലയാളിയെയും പോലെ താനും സന്തോഷവതിയാണെന്ന് അവര്‍ വ്യക്തമാക്കി.

എന്നാല്‍ പുരസ്‌കാരത്തിന്റെ സ്ഥാപകനായ ദാദാസാഹേബ് ഫാല്‍ക്കെയെ തനിക്ക് അറിയില്ലെന്നും, അദ്ദേഹത്തിന് മോഹന്‍ലാല്‍ പുരസ്‌കാരം നല്‍കണമെന്നുമായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ എക്‌സ് പോസ്റ്റ്. ഈ വിഷയത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍ രംഗത്തെത്തി. 'എനിക്ക് ദാദാ സാഹേബ് ഫാല്‍ക്കേയെ കുറിച്ച് അറിയില്ല. അദ്ദേഹമാണ് ആദ്യമായി സിനിമ എടുത്തത് എന്നറിയാം. പക്ഷെ ആ സിനിമയോ ആ സിനിമ കണ്ട ആരെയെങ്കിലുമോ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ, മോഹന്‍ലാലിനെ എനിക്കറിയാം. അതുവച്ച് നോക്കിയാല്‍ ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണം' രാം ഗോപാല്‍ വര്‍മ്മ എക്‌സില്‍ കുറിച്ചു.

അദ്ദേഹം എപ്പോഴും നല്ല തമാശകള്‍ പറയുന്ന ആളല്ലേ. അതിനെ ഒരു ബ്ലാക്ക് ഹ്യൂമര്‍ ആയിട്ട് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. അദ്ദേഹവുമായി എനിക്ക് നല്ല സൗഹൃദമാണുള്ളത്. അദ്ദേഹത്തിന്റെ 'കമ്പനി' എന്ന വലിയ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അന്നുമുതലേ അദ്ദേഹം ബ്ലാക്ക് ഹ്യൂമറിന്റെ ആളാണ്. അതിനാല്‍, എല്ലാവരും പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി രാംഗോപാല്‍ വര്‍മ്മ ചിന്തിച്ചു പറഞ്ഞു എന്നേയുള്ളൂ. അദ്ദേഹം ഇത് വളരെ സീരിയസ് ആയിട്ടൊന്നും പറഞ്ഞതായി ഞാന്‍ വിചാരിക്കുന്നില്ല,' എന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റിനെ കുറിച്ച് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്ത്യന്‍ സിനിമയുടെ പിതാവായി കണക്കാക്കുന്ന ദാദാസാഹിബ് ഫാല്‍കെയുടെ 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 1969 മുതലാണ് ഈ പുരസ്‌കാരം നല്‍കി വരുന്നത്. സെപ്റ്റംബര്‍ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വെച്ച് മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിക്കും. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, മോഹന്‍ലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതായും ഇതിഹാസ നടനും സംവിധായകനും നിര്‍മ്മാതാവുമായ അദ്ദേഹത്തെ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് ആദരിക്കുകയാണെന്നും വ്യക്തമാക്കി.
 

mohanlals phalke award wishes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES