കൗമാരത്തിലെ പ്രണയം മയില്‍ പീലി പോലെ കാത്ത് സൂക്ഷിച്ചവര്‍ക്ക് '916' ആണ് '96 '!; സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്നു പറഞ്ഞ മലയാളിക്ക് എന്നും പാഠമാക്കാം ഈ അന്യദേശ സിനിമ; ബാല്യത്തിന്റെ പ്രണയവും സ്‌കൂള്‍ ഓര്‍മകളും സമ്മാനിക്കുന്ന വിജയ് സേതുപതി ചിത്രം വിഷാദവും പ്രണയവും ഇഴചേര്‍ന്ന കാവ്യം- REVIEW

എം.എസ്.ശംഭു
കൗമാരത്തിലെ പ്രണയം മയില്‍ പീലി പോലെ കാത്ത് സൂക്ഷിച്ചവര്‍ക്ക്  '916' ആണ് '96 '!; സെക്‌സ് ഈസ് നോട്ട് എ  പ്രോമിസ് എന്നു പറഞ്ഞ മലയാളിക്ക് എന്നും പാഠമാക്കാം ഈ അന്യദേശ സിനിമ; ബാല്യത്തിന്റെ പ്രണയവും  സ്‌കൂള്‍ ഓര്‍മകളും സമ്മാനിക്കുന്ന വിജയ് സേതുപതി ചിത്രം വിഷാദവും പ്രണയവും ഇഴചേര്‍ന്ന കാവ്യം- REVIEW

മനസില്‍ മയില്‍പീലി പോലെ കാത്ത് സൂക്ഷിക്കാറുള്ള കുറേ ഓര്‍മകളുണ്ട്. അവയിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് കൗമാരം. ഏതൊരു മനുഷ്യന്റേയും മനസിന്റെ വികാരതലങ്ങളെ തട്ടിയുണര്‍ത്താന്‍ മരണകിടക്കയിലും സമ്മാനിച്ച ഓര്‍മകളാണ് ബാല്യവും കൗമാരവും. സ്‌കൂള്‍ ജീവിതത്തിലെ ഓര്‍മകളും അത്തരത്തില്‍ വേറിട്ടതാണ്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി, തൃഷ  എന്നിവര്‍ മുഖ്യകഥാപാത്രമായി അരങ്ങിലെത്തിയ അസുലഭ സുന്ദര പ്രണയകഥയാണ് ' 96 '. 

ഛായാഗ്രഹകനായ സി.പ്രേംകുമാറിന്റെ കഥയിലും സംവിധാനത്തില്‍ തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രത്തിന്റെ പ്രമേയമാണ് വ്യത്യസ്തത പകരുന്നത്. ഒരു റൊമാന്റിക് ഡ്രാമയായ ചിത്രം സമ്മാനിക്കുന്നത് സ്‌കൂള്‍ ഓര്‍മകളും ഓര്‍മകളുടെ വീണ്ടെടുപ്പുമാണ്.  ജീവിതത്തിന്റെ മധ്യാനത്തിലൂടെ കടന്നു പോകുന്ന ഏതൊരു മനുഷ്യന്റേയും ജീവിതമാണ് 96 പറയുന്നത്.  ബാല്യത്തില്‍ മയില്‍പീലി സമ്മാനിച്ചും മിഠായി നല്‍കിയും നമ്മളില്‍ അലിഞ്ഞു ചേര്‍ന്ന ഒരു കളിക്കൂട്ടുകാരിയുണ്ടാകും. അവളറിയാതെ അവളിലേക്ക് നോട്ടമെറിഞ്ഞ ഓര്‍മകളും എന്നും ശേഷിപ്പുകളായി ഓരോരുത്തരിലും അവശേഷിക്കുന്നുണ്ടാകും. അത്തരത്തില്‍ ഒരു ഓര്‍മകളുടെ വീണ്ടെടുപ്പാണ് വിജയ് സേതുപതിയുടെ കഥാപാത്രമായ രാമചന്ദ്രന്‍ ചിത്രത്തിലൂടെ നടത്തുന്നത്. 

രാമചന്ദ്രന്‍ എന്ന ട്രാവല്‍ ഫോട്ടാഗ്രഫറായ യുവാവ് തന്റെ സ്‌കൂള്‍ ഓര്‍മകളിലേക്ക് തിരിഞ്ഞ് നടക്കുമ്പോള്‍ അന്നും ബാക്കിയാക്കിയ ഓരോ കൗതുകവും വീണ്ടെടുക്കുന്നു. സോഷ്യല്‍ മീഡിയ അതിപ്രസരം ചില ഒത്തുകൂടലിന്റെ വേദിയാകുമ്പോള്‍ അവ സമ്മാനിക്കുന്നത് വേറിട്ട അനുഭൂതിയാണ്. രാമചന്ദ്രന്‍ തന്റെ വിദ്യാലയമുറ്റത്തേക്ക് എത്തുന്നതും ഓര്‍മകള്‍ ഒരോന്നായി വീണ്ടെടുക്കുന്നതുമാണ് ചിത്രം.  സ്ഥിരം തങ്ങി നല്‍ക്കാറുള്ള സ്‌കൂളിലെ ആ പിന്‍ബെഞ്ചും നോട്ടമെറിഞ്ഞ ക്ലാസ് മുറികളും, കളിസ്ഥലങ്ങളും, ശകാരിക്കാനും തലോടാനും ഒപ്പം കൂടാറുള്ള സെക്യൂരിറ്റി ജീവനക്കാരനും എല്ലാം ചിത്രത്തില്‍ കാണാന്‍ കഴിയും. 

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയിലേക്ക് പിന്തിരിഞ്ഞു നടക്കുന്ന രാമചന്ദ്രന്‍ തന്റെ സുഹൃത്തക്കളോട് ഒത്തുചേരണമെന്ന ആഗ്രഹം പങ്കുവെയ്ക്കുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ 96 എസ്.എസ്.എല്‍.സി ബാച്ച് എന്ന പേരില്‍ ഗ്രൂപ്പ് സംഘടിപ്പിച്ച് പുനസമാഗമം നടത്താന്‍ രാമചന്ദ്രന്‍  തന്നെ നേതൃത്വം വഹിക്കുന്നു. ഏവരും വര്‍ണാഭമായി ഒത്തുകൂടുന്ന അവസരത്തില്‍ രാമചന്ദ്രന്റെ ബാല്യകാല സഖിയായ ജാനകി എന്ന തൃഷയുടെ കഥാപാത്രം ആ സദസിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്നു. പശ്ചാത്തല സംഗീതത്തിന്റെ സൗകുമാര്യതയില്‍ തൃഷയുടെ എന്‍ട്രി തന്നെ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. സിംഗപ്പൂരില്‍ വിവാഹശേഷം സെറ്റില്‍ഡായ ജാനകി എത്തുന്നതോടെ വീണ്ടും ഇവരുടെ ഒര്‍മകളുടെ സമന്യയും സമ്മാനിക്കുകയാണ്. . സന്ദര്‍ഭത്തിന് ചേരുന്ന പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ മുഖ്യ സവിശേഷത.

ഗോവിന്ദ് മേനോന്റെ സംഗീതത്തിന് ചിത്രത്തില്‍ മാസ്്മരികത സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  വിജയ്‌യുടെയും തൃഷയുടെയും കഥാപാത്രങ്ങളുടെ കുട്ടിക്കാലം അവതരിപ്പിച്ച ആദിത്യ ഭാസ്‌കറും, ഗൗരി കൃഷ്ണനും വേഷം മനോഹരമാക്കിയിട്ടുണ്ട്. വികാരങ്ങളെ തുറന്നു പ്രകരിപ്പിക്കാന്‍ ്മടിക്കുന്ന രാമചന്ദ്രനെ അവതരിപ്പിക്കുന്നതില്‍ വിജയ് സേതുപതി നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്. കഥാപാത്രത്തോടുള്ള നീതി പുലര്‍ത്തിയാണ് ഇരുവരും ചിത്രത്തില്‍ നിറഞ്ഞ് അഭിനയിച്ചത്. 


പ്രണയം എന്നാല്‍ പ്രണയം മാത്രമാണ് എന്ന ഓര്‍മപ്പെടുത്തല്‍ മാത്രമാണ് ചിത്രം സമ്മാനിക്കുന്നത്. ന്യൂജനറേഷന്‍ സിനിമകളില്‍ കണ്ടുവരുന്ന ലൈംഗീക അതിപ്രസരം ഒന്നും ഈ പടത്തില്‍ പ്രതീക്ഷിക്കണ്ട. ബാല്യത്തിലെ കൗതുകം അതുപോലെ നിലനിര്‍ത്തിയാണ് അവര്‍ മധ്യാനത്തിലും കണ്ടുമുട്ടുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന നായിക നായികന്മാര്‍ തങ്ങളുടെ ആശയങ്ങള്‍ മൗനത്തിത്തിലൂടെ ഒരു നോട്ടത്തിലൂടെ അവതരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഇവര്‍ക്കൊപ്പം വേഷമിട്ട മറ്റ് കഥാപാത്രങ്ങളും നൂറ് ശതമാനം നീതി പുലര്‍ത്തിയാണ് കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. 

മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മഹേന്ദ്രന്‍ ജയരാജും എന്‍. ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ടവ തന്നെയാണ്. സ്‌കൂള്‍ ഓര്‍മകളില്‍ ഓടിയെത്തുന്നത് എന്താണോ അവയെല്ലാം സംവിധായകന്‍ സിനിമയിലെത്തിക്കാന്‍ ശ്രമിച്ചു. 


ഭൂതകാലവും വര്‍ത്തമാനകാലവും ഇഴചേരുന്ന ആഖ്യാനമാണ് കഥയില്‍ സ്വീകരിച്ചിരിക്കുന്നത്. കൗമാരകാലത്തെ നിഷ്‌കളങ്ക പ്രണയവും വഴിത്തിരിവുകളും ആദ്യ പകുതി സജീവമാക്കുന്നു. എന്നാല്‍ രണ്ടാം പകുതി ഒരു രാത്രിയിലൂടെ മാത്രം കടന്നു പോകുന്നു അല്‍പം ഇഴച്ചില്‍ അനുഭവപ്പെടുമെങ്കിലും അതും സസ്‌പെന്‍സ് നല്‍കുന്നവയാണ്. പെണ്‍മാംസത്തോട് അതിപ്രസരം തോന്നാത്ത തന്റെ കൗതുകം നിറച്ച പ്രണയത്തില്‍ സെക്‌സ് കലര്‍ത്താത്ത നായിക നായകന്മാര്‍ തന്നെയാണ് ചിത്രത്തിലെ ഏറ്റവും വലിയ സന്ദേശം. സ്‌കെസ് ഈസ് നോട്ട് എ പ്രോമിസ് എന്നൊക്കെ പറയുന്ന മലയാള സനിമയ്ക്ക് ഈ അന്യദേശ സിനിമയെ എന്നും പാഠമാക്കാം.

മാംസനിബന്ധമല്ല പ്രണയമെന്ന ഒര്‍മപ്പെടുത്തലും കൂടി ചിത്രത്തില്‍ പറയാതെ പറഞ്ഞുപോകുകയാണ്. ചിത്രത്തിന്റെ ആസ്വാദന നിലവാരം ഉയര്‍ത്തുന്നതില്‍ ഛായാഗ്രഹണം, ഗാനങ്ങള്‍, പശ്ചാത്തല സംഗീതം, കലാസംവിധാനം എന്നിവ പ്രധാന പങ്കാണ് വഹിക്കുന്നത്. 

vijay sethupathi movie 96 review by ms sambhu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES