ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മോഡലും നടിയുമായ നാദിറ മെഹ്‌റിന്‍ താന്‍ അനുഭവിച്ച വേദനാജനകമായ ഓര്‍മ്മകള്‍ പങ്കുവെച്ചു. പതിനെട്ട് വയസ്സിന് ശേഷം വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം സ്വന്തം ഉമ്മയുടെ കൈപ്പുണ്യമുള്ള ഭക്ഷണം കഴിക്കാന്‍ കഴിയാതെ വിഷമിച്ച കാലത്തെക്കുറിച്ചാണ് നാദിറ മനസ്സ് തുറന്നത്. കൈരളി ടിവിയിലെ 'സെലിബ്രിറ്റി കിച്ചണ്‍ മാജിക്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 'എന്റെ ഉമ്മയുടെ ഭക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് സങ്കടമാണ്. പതിനെട്ട് വയസ്സിന് ശേഷം ഞാന്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടു.
ഇരുപത്തിമൂന്ന് വയസ്സ് വരെ, തൊട്ടടുത്ത് ഉണ്ടായിട്ടും ഉമ്മയുടെ ഭക്ഷണം കഴിക്കാന്‍ എനിക്ക് സാധിച്ചില്ല. അതൊരു വലിയ ഗതികേടായിരുന്നു. വിദേശത്താണെങ്കില്‍ സമാധാനിക്കാം, എന്നാല്‍ ഇവിടെ അടുത്തുണ്ടായിട്ടും ബന്ധപ്പെടാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഉമ്മയെ വിളിച്ച് ഭക്ഷണം ചോദിച്ച നാളുകളുണ്ടായിരുന്നു,' നാദിറ പറഞ്ഞു.
തന്നോട് വലിയ സ്‌നേഹമുണ്ടായിരുന്നിട്ടും, കുടുംബത്തില്‍ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബിനിയായതിനാല്‍ സ്‌നേഹം പുറത്തുകാണിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഉമ്മയുടേതെന്നും, ഭക്ഷണം ഉണ്ടാക്കിത്തരാന്‍ പരിമിതികളുണ്ടായിരുന്നു എന്നും നാദിറ ഓര്‍ത്തെടുത്തു.
എന്നാല്‍ ഇപ്പോള്‍ താന്‍ സന്തോഷവതിയാണെന്നും, സ്വന്തം വീട്ടില്‍ ഉമ്മയുടെയും ഉപ്പയുടെയും കൂടെയാണ് താമസിക്കുന്നതെന്നും നാദിറ വ്യക്തമാക്കി. വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ താന്‍ സ്വപ്നം കണ്ടതെല്ലാം യാഥാര്‍ഥ്യമായതിലുള്ള സന്തോഷം അവര്‍ പങ്കുവെച്ചു. തന്നെ കുടുംബം അംഗീകരിച്ചതുപോലെ, തന്നെപ്പോലുള്ള മറ്റുള്ളവരെയും അവരുടെ കുടുംബങ്ങള്‍ അംഗീകരിച്ചു തുടങ്ങുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നുവെന്നും നാദിറ കൂട്ടിച്ചേര്‍ത്തു.