താരജീവിതത്തിന്റെ യഥാര്‍ത്ഥ മഹത്വം വെളിച്ചങ്ങളും വേദികളും പിന്നിട്ട് കാണപ്പെടുന്ന ഹൃദയബന്ധങ്ങളിലാണ്. വമ്പന്‍ അവാര്‍ഡുകളേക്കാളും വിലപിടിപ്പുള്ളത് പ്രേക്ഷകരുടെ നിഷ്‌കളങ്കമായ സ്നേഹവും പിന്തുണയും തന്നെയാണ്. ഓരോ ചിരിയ്ക്കും കൈയടിക്കും പിന്നില്‍ അവരെ ഉയര്‍ത്തിപിടിച്ച ആയിരക്കണക്കിന് ഹൃദയങ്ങളുണ്ട്. താരത്തിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ നേട്ടം അവരുടെ കലയുടെ വഴിയിലൂടെ ആളുകളുടെ മനസ്സില്‍ സ്ഥാനം നേടാനുള്ള ഈ അനശ്വര ബന്ധമാണ്. അത്തരത്തില്‍ നടി നവ്യ നായര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു അമ്മൂമ്മയാണ് രാധ എന്ന അമ്മൂമ്മ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താരം ഒരു നൃത്തം അവതരിപ്പിക്കുമ്പോഴാണ് അമ്മൂമ്മയെ ആദ്യം കണ്ടുമുട്ടുന്നത്.
നൃത്തത്തിനിടെ ശ്രീകൃഷ്ണ സ്തുതി കേട്ട് കരഞ്ഞ നവ്യയെ ആശ്വസിപ്പിക്കാനായി ഈ അമ്മൂമ്മ ഓടി എത്തി. സുരക്ഷ ഉദ്യോഗസ്ഥര്‍ അവരെ തടയാന്‍ ശ്രമിച്ചു. അത് കണ്ടതും നവ്യ അവരെ വിലക്കി. നടിയുടെ അരികിലെത്തിയ അമ്മൂമ്മ താരത്തിന്റെ കരം പിടിക്കുകയും തന്റെ മുഖത്തോട് ചേര്‍ത്ത് വച്ച് വിതുമ്പുകയും ചെയ്തു. നവ്യയുടെ കണ്ണുകളും നിറഞ്ഞൊഴുകി. മനോഹരമായ ആ കാഴ്ച അന്ന് സോഷ്യല്‍ മീഡിയയാകെ വൈറലായി മാറിയിരുന്നു. ഈ അമ്മൂമ്മ ഇപ്പോള്‍ അന്തരിച്ച വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
നവ്യ തന്നെയാണ് രാധ അമ്മൂമ്മയുടെ മരണ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. മരിക്കും മുമ്പ് തന്നെ ഒരിക്കല്‍ കൂടി കാണണം എന്ന അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാനായെന്നും നവ്യ പറയുന്നു. അമ്മൂമ്മയുമായുള്ള കൂടിക്കാഴ്ചയുടെ വിഡിയോയും ചിത്രവുമെല്ലാം പങ്കുവച്ചു കൊണ്ടാണ് നവ്യ ആരാധകരെ സങ്കട വാര്‍ത്ത അറിയിച്ചത്. 'ഈ അമ്മമ്മയെ നിങ്ങള്‍ മറക്കാന്‍ സാധ്യത ഇല്ല. അമ്മമ്മ ശ്രീകൃഷ്ണ പാദം പുല്‍കിയ വിവരം വ്യസനത്തോടെ അറിയിച്ചു കൊള്ളട്ടെ. എന്നെ ഒരിക്കല്‍ കൂടി കാണണം എന്ന ആഗ്രഹവും നിറവേറ്റാന്‍ ഭഗവാന്‍ അനുഗ്രഹിച്ചു. സര്‍വം കൃഷ്ണാര്‍പ്പണം...' എന്നാണ് നവ്യ നായര്‍ കുറിച്ചിരിക്കുന്നത്.