പുതിയ ചിത്രത്തിന്റെ പ്രേമേഷനിടെ ആള്‍ക്കൂട്ടത്തിനിടെ നവ്യ നായര്‍ക്ക് മോശം അനുഭവം. പരിപാടിക്ക് ശേഷം മാളില്‍ നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് നവ്യ നായരോട് ഒരാള്‍ അനാവശ്യമായി സമീപിക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സൗബിന്‍ ഷാഹിര്‍ ഉടന്‍ തന്നെ ഇടപെട്ട് ആ വ്യക്തിയെ തടഞ്ഞു, നവ്യയെ സുരക്ഷിതമായി അവിടെ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.പുതിയ ചിത്രമായ പാതിരാത്രിയുടെ പ്രമോഷനിലേക്ക് കോഴിക്കോട് മാളിലേക്ക് എത്തിയപ്പോഴാണ് സംഭവം.
മാളില്‍ താരങ്ങളെ കാണാനെത്തിയ ജനക്കൂട്ടം ഏറെ വലുതായിരുന്നു. ഈ തിരക്കിനിടെയാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി തനിക്ക് നേരെ ഉണ്ടായ ഈ പ്രവൃത്തിയോട് നവ്യ നായര്‍ തളരാതെ ശക്തമായ പ്രതികരണമാണ് കാഴ്ചവെച്ചത്. സംഭവസമയത്ത് നടി ആന്‍ അഗസ്റ്റിനും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സിനിമാ പ്രമോഷനുകള്‍, പബ്ലിക് ഇവന്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്ത്രീ താരങ്ങള്‍ക്ക് നേരെ ഇത്തരം അനാവശ്യ സമീപനങ്ങള്‍ വര്‍ധിക്കുന്നതായി അടുത്തിടെ നിരവധി സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നിട്ടും ഇത്തരം നിമിഷങ്ങളില്‍ താരങ്ങള്‍ തന്നെ കരുതലോടെ പ്രതികരിക്കേണ്ട അവസ്ഥകളാണ് ഉണ്ടാകുന്നത്.
നവ്യ നായരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന പാതിരാത്രി സംവിധാനം ചെയ്യുന്നത് പുഴുവിന്റെ സംവിധായകയായ റത്തീനയാണ്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ.വി. അബ്ദുള്‍ നാസറും ആഷിയ നാസറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പാതിരാത്രി ഒക്ടോബര്‍ 17ന് തിയറ്ററുകളില്‍ പ്രേക്ഷകരെ എത്തും.