വമ്പന്‍ ബജറ്റില്‍ ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഒറ്റക്കൊമ്പന്‍. ഒരു ആക്ഷന്‍ മാസ് സിനിമയായി ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പാലായില്‍ പുരോഗമിക്കുകയാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാലയിലെ പ്രധാന തിരുന്നാളായ ജൂബിലി തിരുന്നാള്‍ ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ഇതിനായി പാലാ നഗരം അണിയിച്ചൊരുക്കിയിരിക്കുകാണ് അണിയറപ്രവര്‍ത്തകര്‍.
അലങ്കാരങ്ങളും തോരണങ്ങളും ലൈറ്റുകളുമൊക്കെയായി നഗരം അണിഞ്ഞൊരുങ്ങിയതോടെ നാട്ടുകാരും പെരുന്നാള്‍ വൈബിലാണ്.നായകന്‍ സുരേഷ് ഗോപി അടക്കം ഷൂട്ടില്‍ പങ്കെടുത്തു തുടങ്ങി. വലിയ ജനക്കൂട്ടത്തിനൊപ്പം പ്രദക്ഷിണത്തില്‍ സുരേഷ് ഗോപി പങ്കെടുക്കുന്ന സീനുകളാണു കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്തത്. സംഘടനം, ഒരു പാട്ട് അടക്കമുള്ള രംഗങ്ങളും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്.
രാത്രി 9ന് തുടങ്ങുന്ന ഷൂട്ടിങ് പുലര്‍ച്ചെ 5 വരെ നീളും. ജൂബിലിയുടെ യഥാര്‍ഥ ഫീല്‍ കിട്ടാന്‍ ഷൂട്ടിങ് നടക്കുന്ന ഭാഗങ്ങളിലെ കടകളെല്ലാം വെളുപ്പിനെ 5 വരെ വൈദ്യുത അലങ്കാരത്തോടെ തുറന്നിടുന്നു.ജൂബിലിയില്‍ മാതാവിന്റെ പ്രദക്ഷിണം 2 ദിവസമാണെങ്കില്‍ സിനിമയില്‍ 10 ദിവസം നീളുന്ന പ്രദക്ഷിണമാണ് നടക്കുന്നത്. കുരിശുപള്ളിയുടെ മുന്നിലെ റോഡ് മുഴുവനും ഉപയോഗിച്ചാണു പ്രദക്ഷിണം ഷൂട്ട് ചെയ്യുന്നത്. ഇതിനായി രാത്രി 9നു ശേഷം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ട്. പാലാക്കാര്‍ ഉള്‍പ്പെടെ ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുത്തുക്കുടകളുമേന്തി പ്രദക്ഷിണത്തില്‍ വേഷമിടുന്നു.
നഗരത്തില്‍ വൈദ്യുത ദീപാലങ്കാരങ്ങളും തോരണങ്ങളും വെടിക്കെട്ടും വഴിയോര കച്ചവടവുമെല്ലാം ചിത്രീകരണത്തിനായി ഒരുക്കിയിട്ടുണ്ട്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് വഴിയോര കച്ചവടക്കാരെ കൊണ്ടുവന്നിരിക്കുന്നത്. 10 ദിവസത്തേക്ക് 80,000 രൂപ വരെ വാടകയായി ഇവര്‍ക്കു നല്‍കുന്നുണ്ട്. കൂടാതെ താമസവും ഒരുക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പാലായ്ക്ക് ചുറ്റുവട്ടത്തായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള താരങ്ങളും പാലായില്‍ താമസിക്കുന്നു.
പ്രദക്ഷിണത്തിന് ഉപയോഗിക്കുന്ന മുത്തുകുടകളും കുരിശുമെല്ലാം പ്രത്യേകം തയാറാക്കിയതാണ്. മാതാവിന്റെ തിരുസ്വരൂപവും ചിത്രീകരണത്തിനായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ജൂബിലിയോട് അനുബന്ധിച്ചുള്ള ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും ഷൂട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം 28ന് തുടങ്ങിയ ഷൂട്ടിങ് 9ന് അവസാനിക്കും. ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും പ്രധാന താരങ്ങളെയും ഉള്‍ക്കൊള്ളിച്ച് പാലായുടെ വലിയ കാന്‍വാസില്‍ ചിത്രം ഷൂട്ട് ചെയ്യുന്നതു ചങ്ങനാശേരിക്കാരന്‍ കൂടിയായ ഡയറക്ടര്‍ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. ഇന്ദ്രജിത്ത്, ലാല്‍, ജോണി ആന്റണി, ലാലു അലക്‌സ് തുടങ്ങിയവരും പല ദിവസങ്ങളിലായി പാലായിലെ ഷൂട്ടിങ്ങില്‍ എത്തുന്നുണ്ട്.