ബെംഗളൂരുവില്‍ നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിന്റെ ആരാധകര്‍ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുതിയ ചിത്രം 'ഒജി' റിലീസിനോടനുബന്ധിച്ച് അനുമതിയില്ലാതെ ആഘോഷം നടത്തിയതാണ് കേസിന് കാരണം. ബുധനാഴ്ച രാജ്യത്തെ വിവിധ തിയേറ്ററുകളില്‍ പെയ്ഡ് പ്രിവ്യൂ ഷോകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി മഡിവാളയിലെ സന്ധ്യ തിയേറ്ററിലും പ്രത്യേക ഷോ നടന്നു. ഷോയ്ക്കുശേഷം ആരാധകസംഘം തിയേറ്ററിന് പുറത്ത് സ്റ്റേജും ഡിജെയും ഒരുക്കി ആഘോഷിക്കുകയായിരുന്നു. എന്നാല്‍ ഇതിന് മുന്‍കൂര്‍ അനുമതി എടുത്തിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.
വിവരം ലഭിച്ച ഉടന്‍ മഡിവാള പോലീസ് സ്ഥലത്തെത്തി. സ്റ്റേജും സൗണ്ട് സിസ്റ്റവും പൊളിച്ചു നീക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടു. പിന്നീട് സിറ്റി കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം സംഘാടകര്‍ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനുമുമ്പ്, പരിപാടിക്കെതിരെ പ്രാദേശിക സംഘടനയായ കര്‍ണാടക രക്ഷാണ വേദികെ (കെആര്‍വി) പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് ചെറിയ സംഘര്‍ഷാവസ്ഥയും ഉണ്ടായിരുന്നു.
അതേസമയം, വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തിയ 'ഒജി' മികച്ച തുടക്കമാണ് നേടിയത്. സുജീത് സംവിധാനം ചെയ്ത ചിത്രം പവന്‍ കല്യാണിന്റെ കരിയറിലെ ഏറ്റവും വലിയ മാസ് ചിത്രമായി വിശേഷിപ്പിക്കപ്പെടുന്നു. 'ദേ കോള്‍ ഹിം ഒജി' എന്നതാണ് ചിത്രത്തിന്റെ പൂര്‍ണ്ണ പേര്. ഇമ്രാന്‍ ഹാഷ്മിയുടെ തെലുങ്ക് അരങ്ങേറ്റവുമാണ് ഈ ചിത്രം. പ്രിയങ്ക മോഹന്‍, അര്‍ജുന്‍ ദാസ്, ശ്രിയ റെഡ്ഡി, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മിശ്ര പ്രതികരണങ്ങള്‍ ഉണ്ടായിട്ടും, ആദ്യ ദിനം തന്നെ 100 കോടിയോട് അടുക്കുന്ന കളക്ഷന്‍ നേടി, ബോക്സ് ഓഫീസില്‍ ചിത്രം ശക്തമായ തുടക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.