ജര്‍മ്മനിയിലെ ബെര്‍ലിന്‍ നഗരത്തിലെ തെരുവോരങ്ങളില്‍ യാതൊരു താരപരിവേഷവുമില്ലാതെ കറങ്ങിനടക്കുന്ന നടന്‍ പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഏറ്റവും പുതിയ ചിത്രമായ 'ഡീസ് ഐറേ' റിലീസ് അടുത്തിരിക്കെയാണ് താരത്തെ ആരാധകര്‍ കണ്ടുമുട്ടിയത്. സിനിമകളുടെ പ്രൊമോഷനുകളുടെ ഭാഗമായി അഭിമുഖങ്ങളിലും മറ്റും സജീവമാകുന്ന മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനായി, റിലീസിന്റെ സമ്മര്‍ദ്ദങ്ങളില്ലാതെ സമയം ചെലവഴിക്കുന്ന പ്രണവിനെ കണ്ട അമ്പരപ്പിലാണ് ആരാധകര്‍.
ജര്‍മ്മനിയിലെ ബെര്‍ലിനില്‍ വെച്ച് യാദൃശ്ചികമായി പ്രണവിനെ കണ്ടുമുട്ടിയ കുറച്ച് മലയാളികളാണ് അദ്ദേഹത്തോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. യുവാക്കളുമായി വളരെ സൗഹൃദപരമായി സംസാരിക്കുകയും അവരോടൊപ്പം ചിത്രങ്ങള്‍ എടുക്കുകയും ചെയ്യുന്ന പ്രണവിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 'രാജാവിന്റെ മകന്‍... ദ് പ്രിന്‍സ്' എന്ന അടിക്കുറിപ്പോടെയാണ് യുവാക്കള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രണവിനോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അവരുടെ മുഖങ്ങളില്‍ വ്യക്തമായി കാണാം.
വീഡിയോ കണ്ട ആരാധകര്‍ പ്രണവിന്റെ ലാളിത്യത്തെയാണ് പ്രധാനമായും പ്രശംസിക്കുന്നത്. 'ഇങ്ങനെയൊക്കെയുള്ള മനുഷ്യരുണ്ടോ?' എന്ന് അത്ഭുതത്തോടെ പലരും ചോദിക്കുന്നു. 'പുതിയ പടം ഇറങ്ങുന്നത് അറിഞ്ഞോ എന്തോ,' എന്ന തരത്തിലുള്ള ആകാംഷ നിറഞ്ഞ കമന്റുകളും ഉയരുന്നുണ്ട്. 'ഒരു താരജാഡയുമില്ലാത്ത രാജാവിന്റെ മകന്‍' എന്നാണ് ഒരാരാധകന്‍ പ്രണവിനെ വിശേഷിപ്പിച്ചത്. പ്രണവിനെ നേരിട്ട് കാണാന്‍ താല്പര്യമുണ്ടെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം 'ഡീസ് ഐറേ' (Dies Iraé) ഒക്ടോബര്‍ 31ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഭ്രമയുഗം', 'ഭൂതകാലം' എന്നീ വിജയകരമായ ഹൊറര്‍ ത്രില്ലറുകള്‍ക്ക് ശേഷം സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.