ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ അഭിനയ മികവിനെ പ്രശംസിച്ച് ബോളിവുഡിന്റെ സ്വന്തം അമിതാഭ് ബച്ചന്‍. ഇരുവരും ഒന്നിച്ച് ആദ്യമായി അഭിനയിക്കുന്ന ചിത്രമായ 'ബ്രഹ്മാസ്ത്ര'യുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രം ബച്ഛന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് രണ്‍ബീര്‍ കപൂറിനെ പ്രശംസിച്ചത്. രണ്‍ബീറിനരികില്‍ സെറ്റില്‍ വച്ച് നാല് കസേരകള്‍ക്ക് മുകളില്‍ കയറിയിരിക്കുന്ന ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവയ്ച്ചിരിക്കുന്നത്. അതോടൊപ്പം ബച്ചന്‍ 'എന്റെ ഇഷ്ട നടന്മാരില്‍ ഒരാളായ രണ്‍ബീറിനൊപ്പമുള്ള ജോലിയിലാണ് ഇപ്പോള്‍. അദ്ദേഹത്തിന്റെ അസാധ്യമായ കഴിവിന് ഒപ്പമെത്താന്‍ എനിക്ക് നാല് കസേരകളുടെ ഉയരം വേണം' എന്നായിരുന്നു കുറിച്ചത്. മുന്‍പ് പല പ്രാവശ്യമായി രണ്‍ബീറിനോടുള്ള ആരാധന ബച്ചന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
'രണ്‍ബീറിന്റെ മുഖം ദൈവത്തിന്റെ അനുഗ്രഹമാണ്.വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ യാതൊരു പരിശ്രമവും അവനുവേണ്ട. എന്നാല്‍ എനിക്കതിന് നിരന്തര പരിശ്രമങ്ങള്‍ ആവശ്യമാണ്. സംവിധായകരോട് അതിനായി ഞാന്‍ എപ്പോഴും സഹായവും ആവശ്യപ്പെടാറുണ്ട് എന്നും താരം നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ബിഗ് ബി നിരവധി ചിത്രങ്ങളില്‍ രണ്‍ബീറിന്റെ പിതാവായ ഋഷി കപൂറിനൊപ്പവും അമ്മ നീതു സിങിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍
ഇരുവരുടെയും മകനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. ആലിയ ഭട്ടാണ് റണ്‍ബീറിന്റെ നായികയായി അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയില്‍ എത്തുന്നത്.