തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. വൈകീട്ട് അഞ്ചുമണിയോടെയാണ് ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ന്ന് ദീപാരാധന തൊഴുത ഋഷഭ് ഷെട്ടി ഭഗവാന് വിവിധ വഴിപാടുകളും സമര്‍പ്പിച്ചു. ക്ഷേത്രത്തിന് മുന്‍പില്‍ നിന്നുള്ള ചിത്രം പ്രഗതി ഷെട്ടി തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം ഋഷഭ് ഷെട്ടിയും തന്റെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം ദമ്പതികള്‍ കേരള സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥിനെ നേരില്‍ കണ്ട് സംസാരിച്ചു. ഇരുവരുടെയും സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മന്ത്രി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'കാന്താര'യിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രപരിസരത്ത് വെച്ച് കാണാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കിയ അനുഭവമാണെന്ന് മന്ത്രി കുറിപ്പില്‍ വ്യക്തമാക്കുന്നു.
നേരത്തെ, മലയാളനടന്‍ ജയസൂര്യക്കൊപ്പം പ്രശസ്തമായ മൂകാംബിക ക്ഷേത്രത്തിലും ഋഷഭ് ഷെട്ടി ദര്‍ശനം നടത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധേയനായ താരത്തിന്റെ കേരളത്തിലെ സന്ദര്‍ശനം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.