കാക്കനാട് പ്രവര്‍ത്തിക്കുന്ന കളര്‍പ്ലാനറ്റ് സ്റ്റുഡിയോസിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തി കന്നഡയിലെ ശ്രദ്ധേയ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. അദ്ദേഹം ഭദ്രദീപം കൊളുത്തി സ്റ്റുഡിയോയുടെ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്റ്റുഡിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഗിരീഷ് എ.ഡി, രമേഷ് സി പി , ഡോ. ബിനു സി നായര്‍, ലീമ ജോസഫ് തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.
'സു ഫ്രം സോ'യില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ഷാനല്‍ ഗൗതം, അനിരുദ്ധ് മഹേഷ് എന്നിവരും നടി സിജ റോസ്, സുനില്‍ ഇബ്രാഹിം, ജിന്‍സ് ഭാസ്‌കര്‍, ഡോ.സിജു വിജയന്‍ എന്നിവരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റുഡിയോയുടെ കോര്‍പറേറ്റ് വീഡിയോയുടെ ലോഞ്ചും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
മലയാളത്തില്‍ ഓണം റിലീസായെത്തി വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന ലോക ചാപ്റ്റര്‍ 1 ചന്ദ്ര, ജെ.എസ്.കെ, സു ഫ്രം സോ തുടങ്ങി ഒട്ടേറെ സിനിമകളുടെ കളര്‍ ഗ്രേഡിംഗ് ജോലികള്‍ നിര്‍വ്വഹിച്ചത് കളര്‍ പ്ലാനെറ്റ് സ്റ്റുഡിയോസാണ്. ഋഷഭ് ഷെട്ടിയുടെ കാന്താരാ ചാപ്റ്റര്‍ 1 സിനിമയുടെ ജോലികളും ഇപ്പോള്‍ സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.