Latest News

 '21 വര്‍ഷത്തെ കാത്തിരിപ്പ്, ഇതൊരു സ്വപ്നം പോലെ, ദൈവം എനിക്കിത് തന്നല്ലോ'; കരിയര്‍ എന്താകുമെന്ന് കുടുംബത്തിന് പോലും അറിയില്ലായിരുന്നു; മനസ്സ് തുറന്ന് സൈജു കുറുപ്പ്

Malayalilife
 '21 വര്‍ഷത്തെ കാത്തിരിപ്പ്, ഇതൊരു സ്വപ്നം പോലെ, ദൈവം എനിക്കിത് തന്നല്ലോ'; കരിയര്‍ എന്താകുമെന്ന് കുടുംബത്തിന് പോലും അറിയില്ലായിരുന്നു; മനസ്സ് തുറന്ന് സൈജു കുറുപ്പ്

21 വര്‍ഷത്തെ തന്റെ കാത്തിരിപ്പാണ് 'മോഹിനിയാട്ടം' എന്ന ചിത്രത്തിന്റെ വിജയമെന്ന് സൈജു കുറുപ്പ്. ഭരതനാട്യം, മോഹിനിയാട്ടം എന്നീ ചിത്രങ്ങളുടെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം. ദൈവത്തിലുള്ള വിശ്വാസവും സിനിമ ഇന്‍ഡസ്ട്രിയുടെ പിന്തുണയുമാണ് തന്നെ ഇത്രത്തോളം എത്തിച്ചതെന്ന് സൈജു പറഞ്ഞു. ഹരിഹരന്‍ സംവിധാനം ചെയ്ത 'മയൂഖം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് സൈജു കുറുപ്പ്. എന്നാല്‍ അരങ്ങേറ്റത്തിന് ശേഷം കരിയറില്‍ വേണ്ടത്ര ശോഭിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് പല സിനിമകളിലും സപ്പോര്‍ട്ടിങ് റോളുകളിലാണ് സൈജു പ്രത്യക്ഷപ്പെട്ടത്. 

ജയസൂര്യ നായകനായെത്തിയ 'ആട്' എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് സൈജുവിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവുണ്ടാകുന്നത്. ചിത്രത്തിലെ 'അറയ്ക്കല്‍ അബു' എന്ന ഹാസ്യ കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. പിന്നീടിങ്ങോട്ട് മികച്ച വേഷങ്ങള്‍ ചെയ്ത സൈജുവിന് നായകനെന്ന നിലയില്‍ വലിയൊരു ബ്രേക്ക് ലഭിക്കുന്നത് 'ഭരതനാട്യം' എന്ന ചിത്രത്തിലൂടെയാണ്. 'ശശിധരന്‍ നായര്‍' എന്ന കഥാപാത്രമായി സൈജു എത്തിയ ചിത്രം തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഒടിടിയില്‍ ഗംഭീര പ്രതികരണമാണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗമായി 'മോഹിനിയാട്ടം' തിയറ്ററുകളിലെത്തുകയും വന്‍ വിജയം കൊയ്യുകയും ചെയ്തു. 

ഭരതനാട്യത്തിന്റെ രണ്ടാമത്തെ ഫ്രാഞ്ചൈസിയായ മോഹിനിയാട്ടം വലിയൊരു ബ്ലോക്ക് ബസ്റ്ററാക്കി മാറ്റിയ കേരളത്തിലെ പ്രേക്ഷകരോട് ഞാന്‍ നന്ദി പറയുന്നു. ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് ജീവിതത്തില്‍ ഞാന്‍ ഒരിക്കലും വിചാരിച്ചതല്ല. ഞാന്‍ സപ്പോര്‍ട്ടിങ് റോള്‍ ചെയ്ത പല സിനിമകളും ഹിറ്റായ ശേഷം ഇങ്ങനെയുള്ള ആഘോഷങ്ങള്‍ നടന്നിട്ടുണ്ട്. എന്റെ ഓരോ പടം വരുമ്പോഴും ആ സിനിമ വലിയ വിജയമാകുമെന്ന് വെറുതെയെങ്കിലും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ അതൊന്നും സംഭവിച്ചില്ല. എന്നാല്‍ മോഹിനിയാട്ടത്തില്‍ അത് സംഭവിച്ചു. ഇതൊരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. ദൈവം എനിക്കിത് തന്നല്ലോ' സൈജു പറഞ്ഞു. 

തന്റെ കരിയറിനെക്കുറിച്ച് കുടുംബത്തിനുണ്ടായിരുന്ന ആശങ്കകളെക്കുറിച്ചും താരം ഓര്‍ത്തെടുത്തു. 'ഇത് 21 വര്‍ഷത്തെ കാത്തിരിപ്പാണ്. എന്റെ കരിയര്‍ എന്താകുമെന്ന് എനിക്കോ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ മക്കള്‍ക്കോ അച്ഛനോ അറിയില്ലായിരുന്നു. പക്ഷേ ദൈവത്തില്‍ ഞാന്‍ ഭയങ്കരമായി വിശ്വസിച്ചിരുന്നു. സിനിമകള്‍ കിട്ടുമെന്ന് മാത്രമല്ല, എന്റെ അഭിനയവും ദൈവം നന്നാക്കി തരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയുടെ പിന്തുണ കൊണ്ട് എനിക്ക് സിനിമകള്‍ കിട്ടിത്തുടങ്ങി. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് അഭിനയിച്ചാണ് ഇപ്പോള്‍ നിങ്ങള്‍ കാണുന്ന സൈജു കുറുപ്പാകാന്‍ പറ്റിയത്. എന്റെ കുടുംബം ഇപ്പോള്‍ ഹാപ്പിയാണ്. എനിക്ക് ശരിക്ക് സന്തോഷം പ്രകടിപ്പിക്കാന്‍ പറ്റുന്നില്ല, ഉള്ളില്‍ ഞാന്‍ തുള്ളിച്ചാടുകയാണ്. നിങ്ങളുടെയെല്ലാം അനുഗ്രഹം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്,' സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു.

saiju kurup about bharthanatyam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES