സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ നേതൃസ്ഥാനത്ത് സ്ത്രീകളെത്തിയത് സിനിമാ കോണ്‍ക്ലേവിന്റെ വിജയമായിട്ടാണ് കാണുന്നതെന്ന് സംസ്ഥാന മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആലപ്പുഴ പുലിയൂരില്‍ ജില്ലാ കുടുംബശ്രീമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ക്ലേവിലെ പ്രധാന ചര്‍ച്ചാവിഷയം സിനിമാ രംഗത്ത് സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെ തുല്യാവകാശം ഉറപ്പാക്കുക എന്നതായിരുന്നു. 'അമ്മ'യുടെ നേതൃനിരയില്‍ സ്ത്രീകള്‍ എത്തിയത് നല്ല കാര്യമാണ്. പ്രസിഡന്റ് ഉള്‍പ്പെടെ നേതൃസ്ഥാനങ്ങളിലെത്തിയവര്‍ സ്ത്രീകളാണ്. ഇവരെ പിന്തുണച്ച് സ്ഥാനങ്ങളിലെത്തിച്ചതില്‍ പുരുഷന്മാര്‍ക്കും പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് സ്ത്രീകള്‍ക്ക് തുറന്നുപറയാനുള്ള ധൈര്യം നല്‍കിയെന്ന് ചലച്ചിത്രനടി അന്‍സിബ ഹസന്‍ പറഞ്ഞു. ജില്ലാ കുടുംബശ്രീമേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍. മുന്‍പ് മോശം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ ഭയമുണ്ടായിരുന്നു. പറയുന്നവരെ തന്നെയാണ് കുറ്റപ്പെടുത്താറുണ്ടായിരുന്നത്. ''ഇപ്പോള്‍ അവസ്ഥ മാറിയിരിക്കുകയാണ്. ഇനി ഭയപ്പെടേണ്ട സാഹചര്യമില്ല, തുറന്നുപറയാന്‍ ധൈര്യമുണ്ട്,'' എന്നും അന്‍സിബ പറഞ്ഞു.